നിലമ്പൂര്‍ നഗരവികസനം : പൊതുമരാമത്തോഫീസ് ഉപരോധിച്ച് കോൺഗ്രസ്
1458815
Friday, October 4, 2024 4:48 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗര വികസനവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ചെടിയങ്ങാടിയിലെ റോഡ് പ്രവൃത്തി മന്ദഗതിയിലായി ജനജീവിതം ദുസഹമായ സാഹചര്യത്തില്‍ നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു.
നിലമ്പൂര്‍ കെഎന്‍ജി റോഡിലെ റോഡ് പ്രവൃത്തി മന്ദഗതിയിലായ സാഹചര്യത്തില്‍ അങ്ങാടിയിലെ റോഡ് പൂര്‍ണമായും പൊളിച്ചട്ടിട്ടും കൃത്യമായ ബദല്‍ റോഡുകള്‍ ഒരുക്കുകയോ റോഡിന്റെ പ്രവൃത്തി വേഗത്തില്‍ ആക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കെഎന്‍ജി റോഡിനെ ആശ്രയിക്കുന്ന ജനങ്ങള്‍ വലിയ ദുരിതത്തിലാണ്.
ജില്ലാ ആശുപത്രിയിലേക്കടക്കം പോകേണ്ട വാഹനങ്ങള്‍ ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്നതും റോഡ് പ്രവൃത്തിയുടെ ഭാഗമായി പൊളിച്ച ഭാഗങ്ങളില്‍ നിരന്തരം അപകടം ഉണ്ടാകുന്നതും സ്ഥിരക്കാഴ്ചയാണ്. ഈ സാഹചര്യമൊക്കെയുണ്ടായിട്ടും അധികാരികളും സര്‍ക്കാര്‍ സംവിധാനവും നോക്കുകുത്തിയാകുന്നത് പ്രതിഷേധാര്‍ഹമാണ്.
പിഡബ്ല്യുഡി യും വാട്ടര്‍ അഥോറിറ്റിയും കരാറുകാരനും പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സിപിഎം-എംഎല്‍എ രാഷ്ട്രീയപോരിനാല് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ എംഎല്‍എയോ സിപിഎമ്മോ തയാറാകാത്ത സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
റോഡ് പ്രവൃത്തിയുടെ ഈ മന്ദഗതിക്ക് കാരണം അതാതു വകുപ്പുകളില്‍ നിന്ന് ലഭ്യമാകേണ്ട അനുമതികള്‍ കൃത്യമായി ലഭ്യമാകാത്തതു കൊണ്ടാണെന്നാണ് കരാറുകാരന്റെ വാദമെന്നും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.
കാലതാമസം ഒഴിവാക്കി യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവൃത്തി പൂര്‍ത്തിയാകാനുള്ള സാഹചര്യം ഒരുക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പറഞ്ഞ കാര്യത്തില്‍ നിന്ന് പിന്നോട്ട് പോയി ഇനിയും ഈ റോഡ് പണി വൈകിപ്പിച്ചാല്‍ വലിയ പ്രതിഷേധ സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുവരുമെന്നും സമരക്കാര്‍ അറിയിച്ചു.
മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സൈഫു ഏനാന്തി, ജില്ലാ സെക്രട്ടറി ടി.എം.എസ്. ആഷിഫ്, യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഫിറോസ് മയ്യന്താന്നി, കോണ്‍ഗ്രസ് നേതാക്കള്‍ മൂര്‍ഖന്‍ മാനു, ഷഫീക് മണലോടി, സുഗേഷ് വരടേമ്പാടം, ദിലീപ് കോവിലകം, ഉബൈദ് രാമന്‍കുത്ത്, സയ്യിദ് അലവി മുക്കട്ട, മിഷാല്‍ നിലമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.