റോഡ് തടസപ്പെടുത്തി മണ്ണ് തള്ളി
1458593
Thursday, October 3, 2024 4:01 AM IST
നിലമ്പൂര്‍: തൃക്കൈക്കുത്ത് പാലത്തിന് സമീപം റോഡില്‍ നഗരവികസനത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങള്‍ തള്ളി അധികൃതര്‍.
നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രംഗത്തെത്തി. റോഡില്‍ അവശിഷ്ടങ്ങള്‍ തള്ളിയതോടെ ചെളിയില്‍ തെന്നി യാത്രക്കാര്‍ വീണു. നിലമ്പൂര്‍ നഗരവികസനത്തിന്റെ ഭാഗമായി കെഎന്‍ജി റോഡില്‍ നിന്ന് നീക്കം ചെയ്ത സ്ലാബുകളും കല്ലുകളും ഉള്‍പ്പെടെ വലിയ തോതിലാണ് തൃക്കൈക്കുത്ത് പാലത്തിലേക്ക് പോകുന്ന റോഡില്‍ കഴിഞ്ഞ ദിവസം രാത്രി കൊളക്കണ്ടം ഡിവിഷന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ തള്ളിയതെന്ന് നിലമ്പൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് ആരോപിച്ചു.
തകര്‍ന്ന് ഗര്‍ത്തങ്ങള്‍ നിറഞ്ഞ റോഡിലേക്ക് വ്യാപകമായി വേയ്സ്റ്റുകള്‍ കൂടി തള്ളിയതോടെ ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിലേക്ക് വ്യാപകമായി മണ്ണും കല്ലും സ്ലാബുകളും ഉള്‍പ്പെടെ തള്ളിയതോടെ ചെളിക്കുളമായി മാറിയിട്ടുണ്ട്. നാട്ടുകാരുടെ ചെലവില്‍ റോഡില്‍ വേയ്സ്റ്റ് നിരത്തി ഗര്‍ത്തങ്ങള്‍ അടയ്ക്കാനാണ് ഡിവിഷന് കൗണ്‍സിലര്‍ നിര്‍ദേശം നല്‍കിയതെന്ന് പ്രദേശവാസികളും പ്രതിപക്ഷ നേതാവും പറഞ്ഞു.
നഗരസഭ ഫണ്ടില്‍ നന്നാക്കേണ്ട റോഡാണ് വേയ്സ്റ്റ് തള്ളി ഗര്‍ത്തങ്ങള്‍ അടക്കാന്‍ ശ്രമിക്കുന്നത്. റോഡില്‍ തള്ളിയ മണ്ണ് ഉള്‍പ്പെടെയുള്ള വേയ്സ്റ്റ് അടിയന്തരമായി നീക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നഗരസഭ കൗണ്‍സിലര്‍ ഡെയ്സി ചാക്കോ, മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഷെറി ജോര്‍ജ്,
പി.ടി. ചെറിയാന്, യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സൈഫു ഏനാന്തി എന്നിവര്‍ നേതൃത്വം നല്കി. നിലമ്പൂരില്‍ നിന്ന് വണ്ടൂരിലേക്കുള്ള എളുപ്പവഴി കൂടിയായതിനാല്‍ നൂറുക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന റോഡിലാണ് മണ്ണ് തള്ളിയിരിക്കുന്നത്.