എംഡിഎംഎയുമായി യുവാവ് പിടിയില്‍
1458589
Thursday, October 3, 2024 4:01 AM IST
കരുവാരകുണ്ട്: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി.
കരുവാരക്കുണ്ട് മഞ്ഞള്‍പാറ കമ്പിപാലം സ്വദേശി ചക്കാലമറ്റം ജിതിന് ജോര്‍ജിനെയാണ് (34) കരുവാക്കുണ്ട് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി.എന്‍. സുകുമാരനും സംഘവും യുവാവ് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ഗ്രാമിന് മൂവായിരം രൂപ തോതില്‍ 27000 രൂപ വിലവരുന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മദ്യം കുടിപ്പിച്ചതിനും അടിപിടി, എഴുത്ത് ലോട്ടറി തുടങ്ങിയ കേസുകളിലും പ്രതിയായിട്ടുള്ള ആളാണ് ജിതിന് ജോര്‍ജെന്ന് പോലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.