ജനങ്ങള്‍ മാലിന്യമുക്ത കാമ്പയിന്റെ ഭാഗമാകണം: മന്ത്രി വി. അബ്ദുറഹ്മാന്
1458586
Thursday, October 3, 2024 4:01 AM IST
മലപ്പുറം: നാടിന്റെ ശുചിത്വവും ഹരിത ഭംഗിയും സംരക്ഷിക്കുന്നതിനായി മുഴുവന്‍ ജനങ്ങളും സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമാകണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഇതിന് നേതൃപരമായ പങ്കുവഹിക്കണമെന്നും മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു.
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന് ജില്ലാതല ഉദ്ഘാടനം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ഇത്തവണ വിപുലമായ ജനകീയ കാമ്പയിനാണ് തുടക്കം കുറിക്കുന്നത്.
കാമ്പയിന് വഴി കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. ശുചിത്വ മിഷന്, ഹരിത കേരള മിഷന്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന് തുടങ്ങിയവ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിക്കുന്നു. ശുചിത്വ, മാലിന്യസംസ്കരണ രംഗത്ത് വികേന്ദ്രീകൃത രീതിയില്‍ കേരള മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജനത്തിലെ കേരള രീതികള്‍ ഇന്ന് മറ്റു സംസ്ഥാനങ്ങള്‍ അനുകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് മാലിന്യനിര്‍മാര്‍ജനവും ശുചിത്വ പരിപാലനവും. ഹരിതകര്‍മസേന ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സജീവമാണ്.
40 ലക്ഷത്തോളം വീടുകളില്‍ നിന്ന് അജൈവ പാഴ് വസ്തുക്കള്‍ സേന ശേഖരിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അജൈവ മാലിന്യ ശേഖരണത്തിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.ജൈവ മാലിന്യം കമ്പോസ്റ്റിംഗ് നടത്തി ജൈവവളം ഉത്പാദിപ്പിക്കുന്നുണ്ട്.
ക്ലീന്‍ കേരള കമ്പനി ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കാനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ പുനഃചക്രമണത്തിനും സംസ്ക്കരണത്തിനും ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുവരുന്നു. ഹരിത കര്‍മസേനാംഗങ്ങളുടെ എണ്ണം 37000 ആയി ഉയര്‍ന്നു.
2021 മുതല്‍ 2023 വരെ ഒരു ലക്ഷം ടണ്‍ പാഴ് വസ്തുക്കളാണ് ഇവര്‍ ശേഖരിച്ചത്. 6078 മാലിന്യക്കൂനകള്‍ നീക്കം ചെയ്തു. തൊണ്ണൂറായിരം ടണ്‍ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചുവെന്നും മന്ത്രി പറഞ്ഞു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ടേക് എ ബ്രേക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പി.കെ. ബഷീര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് മിനി എംസിഎഫുകളുടെ ഉദ്ഘാടനം എംഎല്‍എയും ഹരിത സ്ഥാപന പ്രഖ്യാപനം അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യയും നിര്‍വഹിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷര്‍ കല്ലട, നവകേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.വി.എസ്. ജിതിന്, എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബി. ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.