ഇഎംഎസ് ആശുപത്രി വാര്‍ഷിക യോഗം: ലാഭവിഹിതം 2.47 കോടി രൂപ ഓഹരി ഉടമകള്‍ക്ക്
1458143
Tuesday, October 1, 2024 8:28 AM IST
പെരിന്തല്‍മണ്ണ: 2023-24 വര്‍ഷത്തെ ലാഭവിഹിതമായ 2.47 കോടി രൂപ ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് പെരിന്തല്‍മണ്ണ ഇഎംഎസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി വാര്‍ഷിക പൊതുയോഗം അംഗീകാരം നല്കി. ലാഭവിഹിതം നവംബര്‍ ഒന്ന് മുതല്‍ വിതരണം ചെയ്യും.
അറ്റാദായം 3.16 കോടി രൂപയാണ്. ആശുപത്രി ചെയര്മാന് വി. പി. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ആശുപത്രിയിലാണ് ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി. പി. വാസുദേവന്‍ ഇഎംഎസ് അനുസ്മരണ പ്രഭാഷണവും വി.രമേശന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വൈസ് ചെയര്മാന് ഡോ. വി. യു. സീതി ഭാവിപരിപാടികള്‍ അവതരിപ്പിച്ചു.
ആശുപത്രിയിലെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അറ്റാദായ വിഭജനവും ജനറല്‍ മാനേജര്‍ അബ്ദുനാസിര്‍ അവതരിപ്പിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജിമ്മി കാട്ടടി, ഫിനാന്‍സ് മാനേജര്‍ പി.വി. സരസ്വതി, മെറ്റീരിയല്‍ മാനേജര്‍ ഐ.ശ്രീധരന് എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പാത്തോളജി വിഭാഗത്തിന്റെ വിപുലീകരണം, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ്, സില്‍വര്‍ ജൂബിലി ബില്‍ഡിംഗില്‍ സ്പോര്‍ട്സ് മെഡിസിന് വിഭാഗം, പെറ്റ് സി.ടി.സ്കാന്‍, ഫോര്‍ കെ ലാപ്രോസ്കോപ്പി യൂണിറ്റ്, ബ്ലഡ് ബാങ്ക്, പുതിയ കാത്ത്ലാബ് മെഷീന്, മൂന്ന് ടെസ്ല എംആര്‍ഐ യൂണിറ്റ്, കൂടിയ നിലവാരത്തിലുള്ള എക്കോ, യുഎസ്ജി, ഇഇജി മെഷീനുകള്‍ സ്ഥാപിക്കുക, അക്കാഡമിക് കാമ്പസില്‍ കേരളസര്‍ക്കാര്‍-ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അംഗീകാരമുള്ള ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, റേഡിയോഗ്രാഫി തുടങ്ങിയ ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കുക എന്നീ പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്കി.
മരണപ്പട്ട പാലക്കാട് വട്ടമണ്ണപുരം വെളുത്തേടത്ത് അബൂബക്കറിന്റെ ആശ്രിതര്‍ക്ക് ഷെയറിന് ആനുപാതികമായി ഇന്‍ഷ്വറന്‍സ് തുക 1,00,132 രൂപ നല്കി. ഇഎംഎസ് ഹെല്‍ത്ത് കെയര്‍ സ്കീമില്‍ അംഗങ്ങളായിരിക്കെ അപകടത്തില്‍ മരിച്ചവര്‍ക്കും തുക വിതരണം ചെയ്തു. ആശുപത്രി മുന്‍ ചെയര്മാന് ഡോ. എ. മുഹമ്മദ് ഇന്‍ഷ്വറന്‍സ് ധനസഹായങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു. ഡയറക്ടര്‍മാരായ അഡ്വ. ടി. കെ. റഷീദലി, വി. കെ. അബ്ദുള്‍ റൗഫ്, വി. സി. ശങ്കരനാരായണന്, കെ. ഉമേഷ്, ഷഫീന ബീഗം എന്നിവര്‍ പങ്കെടുത്തു. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.രാജേഷ് സ്വാഗതവും പി.സുചിത്രി നന്ദിയും പറഞ്ഞു.