കഞ്ചാവ് കടത്ത്: മൂന്ന് യുവാക്കള്‍ക്ക് 30 വര്‍ഷം കഠിന തടവ്
1458142
Tuesday, October 1, 2024 8:28 AM IST
മഞ്ചേരി: കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘം പിടികൂടിയ മൂന്ന് യുവാക്കള്‍ക്ക് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി 30 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വണ്ടൂര്‍ കൊച്ചുപറമ്പില്‍ മിഥുന് (34), പുത്തന്‍വീട്ടില്‍ സുജിത്ത് (35), പള്ളിത്തറ വളപ്പില്‍ അലി (44) എന്നിവരെയാണ് ജഡ്ജ് എം.പി. ജയരാജ് ശിക്ഷിച്ചത്. 2020 ഒക്ടോബര്‍ മൂന്നിന് വണ്ടൂരില്‍ വച്ച് മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. കലാമുദ്ദീനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
പിക്കപ്പിലും ലോറിയിലുമായി കടത്തിക്കൊണ്ടുവന്ന 167.5 കിലോ ഗ്രാം കഞ്ചാവ് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. വിധി പ്രസ്താവിക്കുന്ന സമയത്ത് ഒന്നാംപ്രതി വണ്ടൂര്‍ പാലാട്ടുപറമ്പില്‍ ജാബിര്‍ (30) കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇയാളുടെ ശിക്ഷ മറ്റൊരു ദിവസം പ്രസ്താവിക്കും.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുരേഷ് ഹാജരായി. എക്സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍. ബൈജു ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.