ശാന്തി സദനിൽ ഓണാഘോഷം സംഘടിപ്പിച്ച് പോലീസ്
1454636
Friday, September 20, 2024 4:50 AM IST
കാളികാവ്: ചോക്കാട് ശാന്തി സദനിൽ ഓണക്കോടിയും ഓണസദ്യയും ഒരുക്കി കാളികാവ് ജനമൈത്രീ പോലീസ്. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാളികാവ് പോലീസ് നിരവധി വർഷങ്ങളായി ചോക്കാട് ശാന്തി സദനത്തിൽ അന്തേവാസികളോടൊപ്പമാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
അമ്പതോളം അന്തേവാസികളാണ് ചോക്കാട് ശാന്തി സദനിലുള്ളത്. സോഷ്യോ-സൈക്യാട്രി കൗൺസിലർ അമൃതയുടെ നേതൃത്വത്തിൽ പരിശീലനം നേടിയ അന്തേവാസികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.
അവരോടൊപ്പം കാളികാവ് പോലീസ് സ്റ്റേഷനിലെ കലാകാരൻമാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. എസ്ഐ വി. ശശിധരൻ അധ്യക്ഷത വഹിച്ചു. കാളികാവ് ഐപി വി. അനീഷ് ഓണക്കോടി വിതരണം ചെയ്തു.
കാളികാവ് പോലീസ് സ്റ്റേഷനിൽ നിന്ന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ജിയോ ജേക്കബിനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. എസ്ഐമാരായ സി. സുബ്രഹ്മണ്യൻ, ഇല്ലിക്കൽ അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകി. മദർ സിസ്റ്റർ ദിവ്യ സ്വാഗതവും സിപിഒ സന്ദീപ് നന്ദിയും പറഞ്ഞു.