പട്ടാമ്പി റോഡ് പ്രവൃത്തി നീളുന്നു; സമര സമിതിയുടെ റോഡ് ഉപരോധം 24ന്
1454635
Friday, September 20, 2024 4:50 AM IST
പെരിന്തല്‍മണ്ണ: പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന പാതയിലെ പുലാമന്തോള്‍ മുതല്‍ മേലാറ്റൂര്‍ വരെയുള്ള ഭാഗത്തെ റോഡ് പ്രവൃത്തി അനിശ്ചിതമായി നീളുകയും കരാറുകാര്‍ നല്കുന്ന ഉറപ്പുകള്‍ നിരന്തരമായി ലംഘിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരം ശക്തമാക്കാനൊരുങ്ങി സംയുക്ത സമര സമിതി. ആദ്യഘട്ടമെന്ന നിലയില്‍ 24ന് രാവിലെ ഒമ്പതിന് കട്ടുപ്പാറ പാലം ജംഗ്ഷനില്‍ സംസ്ഥാന പാതയില്‍ സമര സമിതി ജനകീയ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും.
30നകം ടാറിംഗ് പ്രവൃത്തികള്‍ ആരംഭിച്ചില്ലെങ്കില്‍ പ്രവൃത്തി നിര്‍വഹണ വിഭാഗമായ കെഎസ്ടിപിയുടെ കുറ്റിപ്പുറത്തെയും തിരുവനന്തപുരത്തെയും ഓഫീസുകള്‍ക്ക് മുന്നില്‍ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും സമര സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുലാമന്തോള്‍ മുതല്‍ മേലാറ്റൂര്‍ വരെയുള്ള ഭാഗത്തെ റോഡ് പ്രവൃത്തി 2021 ജനുവരി 20നാണ് ആരംഭിച്ചത്. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ റോഡിന്റെ നവീകരണ പ്രവൃത്തികള്‍ക്കായി 144 കോടി രൂപ അനുവദിക്കുകയും 2020 സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
നാളിതു വരെയായിട്ട് 50 ശതമാനം പ്രവൃത്തി പോലും പൂര്‍ത്തീകരിക്കാന്‍ കരാറെടുത്ത കമ്പനിക്ക് സാധിച്ചിട്ടില്ല. 30.88 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ റോഡിന്റെ പ്രവൃത്തി തുടങ്ങിയിട്ട് മൂന്നൂ വര്‍ഷവും എട്ടു മാസവും കഴിഞ്ഞിരിക്കുകയാണ്. 18 മാസമായിരുന്നു കരാര്‍ കാലാവധി. റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്.
ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയിലേക്ക് രോഗികളെ എത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പിനെയും ബന്ധപ്പെട്ട വകുപ്പുകളെയും നിരന്തരം അറിയിച്ചിട്ടും മന്ത്രിയും എംഎല്‍എയും ഇടപെട്ടിട്ടും കമ്പനി നടപടി സ്വീകരിച്ചിട്ടില്ല.
എംഎല്‍എ എന്ന നിലയില്‍ നജീബ് കാന്തപുരം വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചിരുന്നു. എന്നിട്ടുപോലും കമ്പനി വേണ്ട രീതിയില്‍ ഇടപ്പെട്ടില്ല.റോഡ് വിഷയത്തില്‍ കരാറുകാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും അനാസ്ഥയും അലംഭാവവും തുടരുകയാണെങ്കില്‍ വരും ദിവസങ്ങള്‍ കൂടുതല്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമര സമിതി ചെയര്മാന് നജീബ് കാന്തപുരം എംഎല്‍എ, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ചന്ദ്രമോഹന്, സമര സമിതി ജനറല്‍ കണ്‍വീനര്‍ ഷാജി കട്ടുപ്പാറ, ട്രഷറര്‍ അസീസ് ഏര്‍ബാദ് എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.