നിലമ്പൂരില്‍ അവലോകന യോഗം ചേർന്നു
1454069
Wednesday, September 18, 2024 4:50 AM IST
നിലമ്പൂര്‍: നിപ, മറ്റു പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ പ്രതിരോധത്തിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അടിയന്തര അവലോകന യോഗം ചേര്‍ന്നു. സ്വകാര്യആശുപത്രികള്‍, ക്ലിനിക്കുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിവരശേഖരണം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു.
കടുത്ത പനി, ജലദോഷം, ചുമ എന്നിവ ഒരാഴ്ചയിലധികം പ്രകടമായാല്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ പ്രവര്‍ത്തനം എകോപിപ്പിക്കണം. മാസ്ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കണം.
നിപ ബാധിച്ച് ഒമ്പതിന് മരിച്ച വണ്ടൂര്‍ തിരുവാലി നടുവത്ത് സ്വദേശി ഏഴിന് നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്ന സാഹചര്യത്തിലാണ് മുന്‍ കരുതലുകള്‍ക്കായി യോഗം ചേര്‍ന്നത്. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി. അഞ്ജന, നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കക്കാടന്‍ റഹീം,
കൗണ്‍സിലര്‍ അഷ്റഫ് മങ്ങാട്ട്, ജെഎച്ച്ഐ കെ. വിനോദ്, ജെപിഎച്ച്എന്‍ പി.വി. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.