തകർന്ന റോഡുകൾ നന്നാക്കിയില്ലെങ്കിൽ പ്രക്ഷോഭം: മുസ്ലിം ലീഗ്
1453873
Tuesday, September 17, 2024 7:04 AM IST
മലപ്പുറം: സംസ്ഥാന- ദേശീയ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള തകർന്നു കിടക്കുന്ന റോഡുകളും വാട്ടർ അഥോറിറ്റി ജലജീവൻ മിഷന്റെ ജലവിതരണത്തിനു വേണ്ടി വെട്ടിപ്പൊളിച്ച റോഡുകളും വളരെ അടിയന്തരമായി പൂർവ സ്ഥിതിയിലാക്കി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽഹമീദ് എംഎൽഎ അറിയിച്ചു. പൊതുമരാമത്തിന്റെ കൈവശത്തിലുള്ള റോഡുകളെല്ലാം വൻ ഗർത്തങ്ങൾ രൂപപ്പെട്ടു വാഹനഗതാഗതം അസാധ്യമാകും വിധം അപകടാവസ്ഥയിലാണ്.
ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും കുഴികളിൽ വീണ് മനുഷ്യജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. വെള്ളത്തിനടിയിൽ പോലും സിമന്റ് കോൺക്രീറ്റിംഗ് നടത്തുവാൻ സാധ്യമാകുംവിധം സാങ്കേതികവിദ്യ പുരോഗതി പ്രാപിച്ച കാലത്ത് മഴ പെയ്യുമ്പോൾ റോഡ് ടാറിംഗ് സാധ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നടപ്പിലാക്കാൻ സാധ്യമാകുന്നില്ല എന്നുള്ളത് അതി ദയനീയ പരാജയമാണ്.
പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകൾ പൂർണമായും ജലജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി കുത്തിപ്പൊളിച്ച് തകർന്നുകിടക്കുകയാണ്.
വാഹനഗതാഗതത്തിനോ കാൽനട യാത്രക്ക് പോലുമോ സാധ്യമല്ലാത്ത വിധം റോഡുകൾ തരിപ്പണമായിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിമിതമായ ഫണ്ട് കൊണ്ട് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്.
വാട്ടർ അഥോറിറ്റി ഇതിന് ആവശ്യമായ ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കണം. അല്ലാത്തപക്ഷം സംസ്ഥാന സർക്കാർ റോഡ് പുനരുദ്ധാരണത്തിന് വേണ്ടി പ്രത്യേക ഫണ്ട് പഞ്ചായത്തുകൾക്ക് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടികളില്ലാത്ത പക്ഷം ജില്ലാ വ്യാപകമായി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അബ്ദുൽ ഹമീദ് എംഎൽഎ മുന്നറിയിപ്പു നൽകി.