ഓണാഘോഷത്തില്‍ ആദിവാസികളെ ചേര്‍ത്ത് പിടിച്ച് വനം ജീവനക്കാര്‍
1453496
Sunday, September 15, 2024 5:18 AM IST
നിലമ്പൂര്‍: ഓണാഘോഷത്തില്‍ ആദിവാസികളെ ചേര്‍ത്തു പിടിച്ച് വനപാലകര്‍. നിലമ്പൂര്‍ പന്തീരായിരം ഉള്‍വനത്തിലെ ആദിവാസി നഗറുകളിലെ കുടുംബങ്ങള്‍ക്കാണ് ഓണക്കോടികളുമായി വനപാലകര്‍ എത്തിയത്.
അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി.കെ. മുഹസിന്റെ നേതൃത്വത്തിലാണ് വനപാലകര്‍ കാട്ടുപാതകള്‍ താണ്ടി ഓണക്കോടികളുമായി വെറ്റിലക്കൊല്ലി, പാലക്കയം നഗറുകളിലെത്തിയത്. വെറ്റില ക്കൊല്ലി, പാലക്കയം നഗറുകളിലെ 141 പേര്‍ക്കാണ് വനപാലകര്‍ തങ്ങളുടെ ശമ്പളത്തില്‍ ഒരു വിഹിതം എടുത്ത് ഓണക്കോടികള്‍ വാങ്ങി നല്‍കിയത്.
മലയാളകരയാകെ ഒരേ മനസോടെ ഓണം ആഘോഷിക്കുമ്പോള്‍ പന്തീരായിരം ഉള്‍വനത്തിലെ കുടുംബങ്ങളെ കൂടി ചേര്‍ത്തു പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ജീവനക്കാര്‍ ഒരേ മനസോടെ ഈ ഉദ്യമം ഏറ്റെടുത്തതെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി.കെ. മുഹസിന് പറഞ്ഞു.
മുഴുവന്‍ കുട്ടികള്‍ക്കും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഓണക്കോടികള്‍ നല്കി. ഓണാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റുകളും വനപാലകര്‍ എത്തിച്ചു നല്‍കിയിരുന്നു.
ആഘോഷങ്ങള്‍ക്കായി വലിയ തുകകള്‍ ചെലവഴിക്കുമ്പോള്‍ ചുറ്റുമുള്ള സഹജിവികളെയും ചേര്‍ത്തു പിടിക്കണമെന്ന വലിയ സന്ദേശമാണ് ഈ ഓണം നാളുകളില്‍ അകമ്പാടം വനം സ്റ്റേഷനിലെ വനപാലകര്‍ നല്കുന്ന സന്ദേശം.