തുവൂര്‍ ഒലിപ്പുഴ ചക്കുപിലാവ് റോഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കും
1453494
Sunday, September 15, 2024 5:18 AM IST
കരുവാരകുണ്ട്: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തുവൂര്‍ ഒലിപ്പുഴ ചക്കുപിലാവ് റോഡിന്റെ പ്രവൃത്തി ഒരു മാസത്തിനകം പുനരാരംഭിക്കും. ജല്‍ ജീവന് മിഷന്റെ പൈപ്പിടല്‍ പ്രവൃത്തി കാരണമാണ് റോഡ് നിര്‍മാണം നിലച്ചത്.
ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയായ സാഹചര്യത്തില്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് ഇരുവകുപ്പുകളും തമ്മില്‍ ധാരണയുണ്ടാക്കിയത്. ഇതു പ്രകാരം പൈപ്പിടല്‍ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.പൈപ്പിടുന്നതിനായി ടാറിംഗ് നടത്തിയ റോഡ് വീണ്ടും പൊളിക്കേണ്ട സ്ഥിതിയുണ്ടാകും.
ഇത് ഒഴിവാക്കുന്നതിനായി വലിയ കാലതാമസമാണ് നേരിട്ടത്. ഇതേ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വാട്ടര്‍ അഥോറിറ്റിയുടെയും പിഎംജിഎസ് വെെ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിളിച്ച് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
ജല്‍ ജീവന് മിഷന്റെ പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കി റോഡ് നിര്‍മാണം പുനരാരംഭിക്കാന്‍ യോഗത്തില്‍ ധാരണയായി. വാട്ടര്‍ അഥോറിറ്റിക്ക് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് റോഡ് പുനരുദ്ധാരണത്തിന് നല്‍കാനും തീരുമാനമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന, വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന്, സ്ഥിരം സമിതി അധ്യക്ഷരായ ടി.എ. ജലീല്‍, എന്‍.പി. നിര്‍മല, കെ.സുബൈദ, മറ്റു അംഗങ്ങള്‍, വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി.എന്‍. ജയകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.