പെരിന്തല്‍മണ്ണയില്‍ എംഇഎസ് പോളിക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു
1453262
Saturday, September 14, 2024 5:09 AM IST
പെരിന്തല്‍മണ്ണ: എംഇഎസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിന്റെ പെരിഫെറല്‍ സെന്ററായ പട്ടാമ്പി ചെര്‍പ്പുളശേരി റോഡ് ജംഗ്ഷനില്‍ ആരംഭിച്ച എംഇഎസ് പോളിക്ലിനിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എംഇഎസ് കേരള പ്രസിഡന്റും മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഡോ. പി. എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
നജീബ് കാന്തപുരം എംഎല്‍എ, നഗരസഭാ ചെയര്മാന് പി.ഷാജി, ഐഎംഎ പ്രസിഡന്റ് ഷാജി ഗഫൂര്‍, എംഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കെ. കുഞ്ഞിമൊയ്തീന്‍, സംസ്ഥാന ട്രഷറര്‍ ഒ. സി. സലാഹുദീന്‍, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് മമ്പാട്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഹമീദ് ഫസല്‍, ഡീന്‍ ഡോ.ഗിരീഷ് രാജ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. എം. മുഹമ്മദ് സാജിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ഡിജിറ്റല്‍ നെയിം റിവീലിംഗ് നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു. ഫാര്‍മസി വിഭാഗം ഡോ. പി.എ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ആദ്യമായി ആരോഗ്യമേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എഐ നഴ്സ് റൂബി എന്ന മെഡിക്കല്‍ റോബോട്ടിനെ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. അത്യാഹിത വിഭാഗം മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് സാജിദും കമ്യൂണിറ്റി മെഡിസിന് വിഭാഗം എംഇഎസ് മെഡിക്കല്‍ കോളജിന്റെ ഡീന്‍ ഡോ.ഗിരീഷ് രാജും ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണ മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് പി. ടി. എസ്. മൂസു, എംഇഎസ് ഭാരവാഹികളായ ഷാഫി ഹാജി, എം.ആര്. ഉണ്ണീന്‍കുട്ടി, മൊയ്തുട്ടി തുടങ്ങിയവര്‍ വിവിധ ഒപി പരിശോധനാ റൂമുകളും ഉദ്ഘാടനം ചെയ്തു. പോളി ക്ലിനിക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി, ലബോറട്ടറി, ഇസിജി ഡോക്ടറുടെ സേവനം എന്നിവ ലഭ്യമാണ്.