"മഞ്ചേരി മെഡിക്കല്‍ കോളജില്‍ അടിയന്തരമായി റാമ്പ് നിര്‍മിക്കണം'
1452962
Friday, September 13, 2024 4:22 AM IST
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഒപി കെട്ടിടവും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ബ്ലോക്കും ബന്ധിപ്പിച്ച് അടിയന്തരമായി റാമ്പ് നിര്‍മിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍ദേശം നല്കി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളെ എക്സ്റേ, സ്കാനിംഗ് എന്നിവയെടുക്കാന്‍ 200 മീറ്ററോളം ട്രോളിയില്‍ കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്.
ഇരു കെട്ടിടങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന വഴിയില്ലാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെപ്പോലും സ്ട്രെക്ചറിലോ ചക്ര കസേരകളിലോ ആശുപത്രിമുറ്റം വഴി കൊണ്ടുപോകേണ്ട അവസ്ഥയാണ്. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ഇത്തരത്തില്‍ രോഗികളെ കൊണ്ടുപോകുന്നത് രോഗിയുടെ ജീവനുതന്നെ ഭീഷണിയാകും.
അത്യാഹിത വിഭാഗം മാത്രമല്ല ഓപറേഷന് തിയേറ്ററുകള്‍, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, പാത്തോളജി, ന്യൂറോളജി വാര്‍ഡുകളില്‍ നിന്നുള്ള രോഗികളെയെല്ലാം ഇത്തരത്തില്‍ റേഡിയോളജി വിഭാഗത്തിലും മറ്റും എത്തിക്കാന്‍ സാഹസപ്പെടേണ്ടി വരികയാണ്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ എല്മ്പ്ര തേനത്ത് മുഹമ്മദ് ഫൈസി ഇക്കഴിഞ്ഞ ജൂലൈ 16ന് ആരോഗ്യവകുപ്പിന് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ച മന്ത്രി വസ്തുത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.ഒപി കെട്ടിടവും റേഡിയോളജി ബ്ലോക്കും തമ്മില്‍ ബന്ധിപ്പിച്ച് റാമ്പ് നിര്‍മിക്കാന്‍ 2021ല്‍ രണ്ടര കോടി രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു.
എന്നാല്‍ ആശുപത്രിയിലെ തന്നെ അടിയന്തര ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി 95.72 ലക്ഷം രൂപ ഇതില്‍ നിന്ന് ചെലവഴിക്കേണ്ടി വന്നു. ഇതോടെ റാമ്പ് പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.
പുതുക്കിയ ഭരണാനുമതി ലഭിച്ച സാഹചര്യത്തിലാണ് ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റാമ്പ് പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ മന്ത്രി പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിലവില്‍ രോഗികള്‍ അനുഭവിക്കുന്ന പ്രയാസത്തിന് താത്കാലിക ആശ്വാസമെന്ന നിലയില്‍ റൂഫിംഗ് ട്രോളി സജ്ജമാക്കിയതായും മറുപടിയിലുണ്ട്.
അത്യാഹിത വിഭാഗത്തില്‍ സീനിയര്‍ ഡോക്ടറുടെ അഭാവം രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്നും മുഹമ്മദ് ഫൈസി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും എല്ലാ വിഭാഗത്തിലെയും സീനിയര്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടമുണ്ടെന്നും രോഗീപരിചരണം മികച്ച രീതിയില്‍ നല്‍കാനാവുന്നുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കി.