മേലാറ്റൂരിലെ അനധികൃത കച്ചവടങ്ങള്‍ നിര്‍ത്തലാക്കും
1452722
Thursday, September 12, 2024 5:01 AM IST
മേലാറ്റൂര്‍: മേലാറ്റൂര്‍ ടൗണിലെ അനധികൃത തെരുവോര കച്ചവടങ്ങള്‍ നിര്‍ത്തലാക്കാന്‍ മേലാറ്റൂര്‍ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. മേലാറ്റൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവോര കച്ചവടങ്ങള്‍ നിരോധിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യും.
ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.കെ. യൂസഫ് ഹാജി അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇഖ്ബാല്‍, വ്യാപാരി പ്രതിനിധികളായ പി. ഫൈസല്‍ ബാബു, കെ. മമ്മദ്, വരിക്കോടന്‍ മുഹമ്മദാലി, എസ്എച്ച്ഒ ഗോപകുമാര്‍,
പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ഹരീഷ്, പഞ്ചായത്ത് അംഗങ്ങള്‍, ഓട്ടോ തൊഴിലാളി യൂണിയന് ഭാരവാഹികള്‍ തുടങ്ങിയര്‍ പങ്കെടുത്തു.
മേലാറ്റരിലെ അനധികൃത കച്ചവടങ്ങള്‍ കാരണം ഗതാഗതകുരുക്കിനും കാല്‍നട യാത്രക്കും തടസം നേരിടുന്നു. ഇതിനു പുറമെ നിയമപരമായി വ്യാപാരം നടത്തുന്ന കച്ചവടക്കാര്‍ക്ക് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യുന്നതായി കാണിച്ച് വ്യാപാരി വ്യവസായി സമിതി മേലാറ്റൂര്‍ യൂണിറ്റ് ഭാരവാഹികള്‍ വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിരുന്നു.