സി.വി. ലിജിമോള്‍ക്ക് നാടിന്റെ സ്നേഹാദരം
1452714
Thursday, September 12, 2024 4:57 AM IST
മഞ്ചേരി: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സി.വി. ലിജിമോള്‍ക്ക് നാടിന്റെ സ്നേഹാദരം. മാനവേദന് യുപി സ്കൂളിന്റെയും പിടിഎയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി. കാരക്കുന്ന് ജംഗ്ഷനില്‍നിന്ന് തൃക്കലങ്ങോട് വരെ തുറന്നവാഹനത്തില്‍ ജേതാവിനെ ആനയിച്ചു. ബാന്റ്-വാദ്യ മേളങ്ങളോടെ നടന്ന ഘോഷയാത്ര വര്‍ണാഭമായി.
ഘോഷയാത്രയില്‍ രക്ഷിതാക്കളും കുട്ടികളും അടക്കം നിരവധി പേര് അണിനിരന്നു. തുടര്‍ന്ന് സ്കൂളില്‍ നടന്ന സ്വീകരണ യോഗം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്കര്‍ ആമയൂര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.എം. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ ഉപഹാര സമര്‍പ്പണം നടത്തി.
വൈസ് പ്രസിഡന്റ് എന്‍.പി. ജലാല്‍, മാനേജര്‍ എ. മുഹമ്മദ് ഇഖ്ബാല്‍, വാര്‍ഡ് മെംബര്‍ ജയപ്രകാശ് ബാബു, എംപിടിഎ പ്രസിഡന്റ് അശ്വതി, പിടിഎ അംഗം പി. ഷംസുദ്ദീന്, പ്രധാനാധ്യാപിക ജ്യോതി ജി. നായര്‍, അധ്യാപകന് പി.സി. ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.
സ്കൂളിലെ ഗണിതാധ്യാപികയായ ലിജിമോള്‍ ഗണിത മേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ’ഗണിതം മധുരം’ എന്ന യൂട്യൂബ് ചാനലിലൂടെ ഗണിത ക്ലാസുകള്‍ നല്കി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്കി. 300ലധികം സ്കൂളുകളില്‍ പഠനോപകരണ നിര്‍മാണ ശില്പശാലക്കും നേതൃത്വം നല്കി.
കേരള സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ 2022 23 വര്‍ഷത്തെ അധ്യാപക അവാര്‍ഡ്, ഗുരു ശ്രേഷ്ഠ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.