മലപ്പുറം ജില്ലാ പഞ്ചായത്തിന് വയോസേവ പുരസ്കാരം
1452713
Thursday, September 12, 2024 4:57 AM IST
മലപ്പുറം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പദ്ധതിയേതര പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹികനീതി വകുപ്പ് നല്കുന്ന ഈ വര്‍ഷത്തെ വയോസേവ അവാര്‍ഡിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അര്‍ഹമായി. ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങിയതാണ് അവാര്‍ഡ്.
ജില്ലയില്‍ വയോജനങ്ങള്‍ക്കായി നടപ്പാക്കിയ നിരവധി മാതൃകാപരമായ പദ്ധതികള്‍ പരിഗണിച്ചാണ് പുരസ്കാരം. കേരള സാമൂഹികനീതി, ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്. ബിന്ദുവാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, സമൂഹത്തില്‍ അവശത അനുഭവിക്കുന്ന മറ്റു വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നിരവധി പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു.
വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ വയോജന ചികിത്സാകേന്ദ്രം സ്ഥാപിച്ചു.
60 വയസിനു മുകളില്‍ പ്രായമുള്ളവരെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും മികച്ച ആയുര്‍വേദ ചികിത്സയും മരുന്നുകളും ഇവിടെ നല്‍കുന്നുണ്ട്. ഇതിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അഞ്ച് സ്പെഷാലിറ്റി കിടക്കകള്‍ വീതമുള്ള വാര്‍ഡുകള്‍ സജ്ജീകരിക്കുകയും പ്രത്യേക തെറാപ്പിസ്റ്റുകളെയും കെയര്‍ടേക്കര്‍മാരെയും ക്രമീകരിക്കുകയും ചെയ്തു.
വയോജനങ്ങള്‍ക്ക് വ്യായാമത്തിനായി ജില്ലയില്‍ തന്നെ ആദ്യത്തെ പ്രത്യേക വ്യായാമപാതയും ഓപ്പണ്‍ ജിംനേഷ്യവും തിരുനാവായയില്‍ സ്ഥാപിച്ചത് ഏറെ ശ്രദ്ധേയമായ പദ്ധതിയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി കൂടുതല്‍ ഓപ്പണ്‍ ജിംനേഷ്യങ്ങളും ഹാപ്പിനെസ് പാര്‍ക്കുകളും ആരംഭിക്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കമിട്ടു. വയോജനങ്ങള്‍ക്ക് ഒത്തുകൂടുന്നതിനും സംതൃപ്തിയോടെ പകല്‍ സമയം ചെലവിടുന്നതിനും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ പകല്‍ വീടുകളും സ്ഥാപിച്ചു.
വയോജനങ്ങള്‍ക്കായി പ്രതിവര്‍ഷം പത്ത് ലക്ഷം രൂപ വകയിരുത്തി ജില്ലയിലെ 46 ഗ്രാമപഞ്ചായത്തുകളിലായി നടപ്പാക്കിയ ഹോമിയോപതിക് ഹോം കെയര്‍ പദ്ധതിയാണ് മറ്റൊരു ശ്രദ്ധേയമായ പദ്ധതി. 1600 ലധികം രോഗികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭിക്കുന്നത്.
മലപ്പുറം ജില്ലയെ സമ്പൂര്‍ണ വയോജന സൗഹൃദ ജില്ലയായി മാറ്റിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നും അവാര്‍ഡ് മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം പകരുന്നതാണെന്നും പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം എന്നിവര്‍ അറിയിച്ചു.