നിലമ്പൂര്‍ ജില്ലാ ആശുപത്രി പേ വാര്‍ഡ് ഇന്നു മുതല്‍ പ്രവര്‍ത്തിക്കും
1445117
Thursday, August 15, 2024 8:32 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ പേ വാര്‍ഡിന്റെ പ്രവര്‍ത്തനം ഇന്നു മുതല്‍ പുനരാരംഭിക്കും. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും കഴിഞ്ഞ 29 ന് രാത്രിയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൃതശരീരങ്ങളും ശരീരഭാഗങ്ങളും ചാലിയാറിലൂടെ നിലമ്പൂര്‍ മേഖലയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ കഴിഞ്ഞ മാസം 30 മുതലാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ പേ വാര്‍ഡ് മോര്‍ച്ചറിയാക്കി മാറ്റി പ്രവര്‍ത്തനം തുടങ്ങിയിരുന്നത്.
20 കിടക്കകളുള്ള പേ വാര്‍ഡിലാണ് ചാലിയാറില്‍ നിന്ന് കണ്ടെത്തിയിരുന്ന മൃതദേഹങ്ങളെല്ലാം ചേര്‍ത്ത് വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി വയനാട്ടിലേക്ക് കൊണ്ടുപോയിരുന്നത്. മൂന്ന് മൃതദേഹങ്ങള്‍ നിലമ്പൂരില്‍ തന്നെ തിരിച്ചറിഞ്ഞതിനാല്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.
ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നുമായി നിരവധി മൃതദേഹങ്ങള്‍ ചാലിയാര്‍ വഴി പോത്തുകല്ലിലും നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിലും ഒഴുകിയെത്തി. പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാ സേനാംഗങ്ങള്‍, എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് പുറമെ നൂറുക്കണക്കിന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ആറ് ഫ്രീസര്‍ സംവിധാനം മാത്രമുള്ള ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ കിടത്താന്‍ സൗകര്യമുണ്ടാകില്ലെന്നറിഞ്ഞ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ പേ വാര്‍ഡ് താത്കാലിക മോര്‍ച്ചറിയാക്കി മാറ്റാന്‍ ആശുപത്രി സൂപ്രണ്ടും ജില്ലാ ഭരണാധികാരികളും തീരുമാനിക്കുകയായിരുന്നു.