ആഘോഷ പരിപാടികളില്ല; ശ്രീനാരായണഗുരു ജയന്തിദിനാചരണം 20ന്
1445111
Thursday, August 15, 2024 8:32 AM IST
പെരിന്തല്‍മണ്ണ:ശ്രീനാരായണ ഗുരുദേവന്റെ 170ാമത് ഗുരുദേവ ജയന്തി ആഘോഷം 20 ന് പെരിന്തല്‍മണ്ണ എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കി ജയന്തി ദിനമായാണ് ആചരിക്കുന്നത്. നഗരംചുറ്റിയുള്ള ഘോഷയാത്ര ഉണ്ടാകില്ല. മുന്‍സിപ്പല്‍ ടൗണ്‍ സ്ക്വയറില്‍ നിശ്ചയിച്ചിരുന്ന പൊതുസമ്മേളനം ഒഴിവാക്കി പകരം പെരിന്തല്‍മണ്ണ എസ്എന്‍ഡിപി യൂണിയന് മന്ദിരത്തില്‍ നടത്തും. അവാര്‍ഡ് ചടങ്ങുകളും പ്രഭാഷണവും വര്‍ണോത്സവം ദൈവദശ കാലാപന മത്സരം വിജയികള്‍ക്കുള്ള സമ്മാനവിതരണവും നിശ്ചയിച്ച പ്രകാരം നടത്തും.
ചതയ ദിനാചരണം 20ന് വൈകുന്നേരം നാലിന് വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രാര്‍ഥനയോടെ നടത്തുന്ന ചടങ്ങ് നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്യും. അനുമോദനവും അവാര്‍ഡ് വിതരണവും മുന്‍സിപ്പല്‍ ചെയര്മാന് പി. ഷാജി നിര്‍വഹിക്കും. ചതയദിന സന്ദേശം ഡോ. പി. ബൈജുമോന്‍ (പ്രഫ, പി.ജി ഡിപ്പാര്‍ട്ട്മെന്റ്, കൊമേഴ്സ്, പിടിഎം കോളജ്, പെരിന്തല്‍മണ്ണ) നല്‍കും.
ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതിനാല്‍ അതിന് ചെലവ് വരുന്ന തുക വയനാട് ദുരന്തബാധിതര്‍ക്കു നല്കാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖേന നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന് സെക്രട്ടറി വാസുകോതറായില്, ബോര്‍ഡ് അംഗം കെ. രമേശ്, യൂണിയന് കൗണ്‍സിലര്‍മാരായ ബാബു പട്ടുകുത്ത്, പ്രദീപ് കുന്നത്ത്, യൂണിയന് വനിതാ സംഘം പ്രസിഡന്റ് ടി. പ്രസന്നകുമാരി, വനിതാ സംഘം സെക്രട്ടറി കെ. വിജയലക്ഷ്മി (സിന്ധു), യൂത്ത് മൂവ്മെന്റ് ജില്ലാ ചെയര്മാന് കെ.എസ്. രാജേഷ്, യൂണിയന് സൈബര്‍ സേന ചെയര്മാന് പി. ഗോവിന്ദ സുനില്‍, യൂണിയന് സൈബര്‍ സേന കണ്‍വീനര്‍ പി. പവിഷ് എന്നിവര്‍ പങ്കെടുത്തു.