മഞ്ചേരി ജസീല ജംഗ്ഷന്- നെല്ലിപ്പറമ്പ് ഗതാഗത കുരുക്ക്; വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
1444870
Wednesday, August 14, 2024 7:51 AM IST
മഞ്ചേരി: മഞ്ചേരി നഗരത്തിലെ ജസീല ജംഗ്ഷന് മുതല്‍ നെല്ലിപ്പറമ്പ് വരെയുള്ള റോഡ് പൊട്ടി പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത വിധത്തില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ട് വര്‍ഷങ്ങളായി. സത്വര നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.
റോഡിലെ കുഴികളില്‍ കയറിയിറങ്ങാന്‍ വാഹനങ്ങള്‍ സമയമെടുക്കുന്നതാണ് ഈ റോഡിലെ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതിന്റെ പ്രധാനകാരണം. പല തവണ പൊതുമരാമത്ത് മന്ത്രിക്കും പിഡബ്ല്യുഡിക്കും പരാതികള്‍ നല്‍കിയിട്ടും നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. കുഴികള്‍ താല്‍ക്കാലികമായി അടച്ച് പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാതെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെങ്കില്‍ ഇരുവശത്തും നിലവിലുള്ള വീതി ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്യണമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
മഞ്ചേരി നഗരത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ തകരാറിലാകുന്നത് മൂലമുള്ള ഗതാഗത കുരുക്ക് നിത്യസംഭവമായിട്ടുണ്ട്. അടിക്കടി ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ കേടുവരുന്നത് ട്രാഫിക് നിയന്ത്രിക്കുന്ന പോലീസിന് പ്രയാസമുണ്ടാക്കുന്നു. റോഡുകള്‍ നന്നാക്കാതെയും സിഗ്നല്‍ ലൈറ്റുകള്‍ റിപ്പയര്‍ ചെയ്യാതെയും നഗരത്തില്‍ ഗതാഗത കുരുക്കുണ്ടാക്കുന്നത് നഗരത്തെ മാറ്റി സ്ഥാപിക്കാനുള്ള ചില സ്വാര്‍ഥ താല്പര്യക്കാരുടെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്നും പ്രവര്‍ത്തക സമിതി യോഗം ചൂണ്ടിക്കാട്ടി.
യൂണിറ്റ് പ്രസിഡന്റ് നിവില്‍ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സക്കീര്‍ ചമയം, ട്രഷറര്‍ കെ.അല്‍ത്താഫ്, വൈസ് പ്രസിഡന്റുമാരായ എ. മുഹമ്മദാലി സൂപ്പര്‍നോവ, സഹീര്‍ കോര്‍മ്മത്ത്, എം. ഇബ്രാഹിം, ആല്‍ബര്‍ട്ട് കണ്ണമ്പുഴ, സെക്രട്ടറിമാരായ ബാലകൃഷ്ണന് അപ്സര, മുജീബ് രാജധാനി, എ.എം. കുഞ്ഞിപ്പ, ഫൈസല്‍ ചേലാടത്തില്‍, പി.സി. അലി, അജീത് അജ്വ, ഷെരീഫ്, കമറുദ്ദീന്, സമീര്‍ വല്ലാഞ്ചിറ, മുഹമ്മദ് മുസ്തഫ, നൗഷാദലി തുടങ്ങിയവര്‍ പ്രസംഗിച്ചു.