പെരിന്തല്‍മണ്ണയില്‍ പകല്‍വീട് നിര്‍മിക്കാന്‍ അനുമതി
1444867
Wednesday, August 14, 2024 7:51 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ വയോജനങ്ങള്‍ക്കുള്ള പകല്‍വീട് നിര്‍മിക്കും. 32-ാം വാര്‍ഡില്‍ ശിവക്ഷേത്രത്തിന് സമീപം എസ്എംയുപി സ്കൂളിനടത്തുള്ള പുറമ്പോക്ക് സ്ഥലത്താണ് വയോജനങ്ങള്‍ക്കുള്ള പകല്‍വീട് നിര്‍മിക്കുക.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് പെരിന്തല്‍മണ്ണ സംഘടനക്ക് കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയതായും നഗരസഭാ യോഗത്തിൽ അധികൃതർ പറഞ്ഞു. സ്ഥലം പാട്ടത്തിനെടുത്ത് സംഘടനയുടെ സ്വന്തം ചെലവിലാണ് പകല്‍വീട് നിര്‍മിക്കുന്നത്.ലൈഫ് പട്ടികയില്‍ നഗരസഭക്ക് പുറത്ത് സ്ഥലമുള്ള നാല് ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തും.
അങ്ങാടിപ്പുറത്ത് സ്വന്തമായി സ്ഥലമുള്ള നാല് ഗുണഭോക്താക്കളെയാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ 16 ലക്ഷം രൂപയുടെ പ്രത്യേക പദ്ധതി തയാറാക്കി ഉള്‍പ്പെടുത്തുന്നത്. സ്വച്ച്ഭാരത് മിഷന്റെ ഭാഗമായി നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുമ്പൂര്‍മുഴി മാതൃകയില്‍ ജൈവമാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കും.
ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പിടിഎം കോളജ് പാതായ്ക്കര, എഎംയുപിഎസ് കുന്നപ്പള്ളി, എഎംയുപിഎസ് പാതായ്ക്കര, എഎംയുപിഎസ് എരവിമംഗലം, ജിഎംഎല്‍പിഎസ് പെരിന്തല്‍മണ്ണ, എഎംഎല്‍പിഎസ് പൊന്നിയാകുര്ശി, എകെഎംഎംയുപിഎസ് പെരിന്തല്‍മണ്ണ സൗത്ത് തുടങ്ങിയ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുശുചിമുറികളും പോലീസ് സ്റ്റേഷന് റോഡ് പരിസരത്തും നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിലും എയര്‍പോര്‍ട്ട് നിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ ശുചിമുറികളായ ആസ്പിറേഷന്‍ ശുചിമുറികളും നിര്‍മിക്കാനും യോഗത്തിൽ തീരുമാനമായി.