ഓണം ഖാദി മേള തുടങ്ങി
1444533
Tuesday, August 13, 2024 5:02 AM IST
മലപ്പുറം: ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പി. ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന് അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുരേഷ് സമ്മാന കൂപ്പണ്‍ വിതരണം നിര്‍വഹിച്ചു. ഓഗസ്റ്റ് എട്ടു മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവില്‍ ബോര്‍ഡിന്റെ വിപണന കേന്ദ്രങ്ങളിലൂടെ 30 ശതമാനം റിബേറ്റില്‍ കോട്ടണ്‍, സില്‍ക്ക്, റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങള്‍ വാങ്ങാം. ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയില്‍ ഓരോ ആയിരം രൂപ പര്‍ച്ചേസിനും സമ്മാനകൂപ്പണ്‍ ലഭിക്കും. ആഴ്ച തോറുമുള്ള നറുക്കെടുപ്പിലെ വിജയികള്‍ക്ക് 5000, 3000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി നല്‍കും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപ വരെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു ഖാദി വസ്ത്രങ്ങള്‍ വാങ്ങാം. ഖാദി ബോര്‍ഡിന് കീഴിലെ മലപ്പുറം കോട്ടപ്പടി ഖാദിഗ്രാമ സൗഭാഗ്യയിലും ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍, വട്ടംകുളം എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും ഗ്രാമസൗഭാഗ്യകളിലും ഈ കാലയളവില്‍ സ്പെഷല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.