കിഴിശേരി കൊലക്കേസ് : വീഡിയോ കാണിച്ചു നല്‍കിയിട്ടും സാക്ഷികള്‍ കൂറുമാറി
1443336
Friday, August 9, 2024 5:07 AM IST
മഞ്ചേരി: കിഴിശേരി ഒന്നാംമൈലില്‍ ബിഹാര്‍ സ്വദേശിയായ രാജേഷ് മാഞ്ചിയെന്ന ഇതരസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണയുടെ നാലാം ദിവസവും സംഭവത്തിന് ദൃക്സാക്ഷിയായ രണ്ട് സാക്ഷികള്‍ കോടതിയില്‍ കൂറുമാറി.
തവനൂര്‍ ഒന്നാം മൈല്‍ സ്വദേശികളായ പതിനൊന്നാം സാക്ഷി കാഞ്ഞിരപ്പിലാക്കല്‍ വിനോദ് ബാബു, പന്ത്രണ്ടാം സാക്ഷി അറ്റാശ്ശേരി സക്കീര്‍ എന്നിവരാണ് കൂറുമാറിയത്.
രാജേഷ് മാഞ്ചി ഒന്നു മുതല്‍ മൂന്നു വരെ പ്രതികളുടെ വീട്ടുമുറ്റത്ത് കണ്ടത് മുതല്‍ റോഡില്‍ കൊണ്ട് വന്നിരുത്തി മര്‍ദിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ കണ്ട സാക്ഷികളായിരുന്നു ഇവര്‍.
സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് മുമ്പാകെ 164 വകുപ്പ് പ്രകാരമുള്ള മൊഴിയും ഇവര്‍ കൊടുത്തിരുന്നു.
പോലീസിന് കൊടുത്ത മൊഴിയും മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും ഇവര്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞു. മുൻപ് കൂറുമാറിയ സാക്ഷികളെപ്പോലെ തന്നെ പോലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി കൊടുത്തത് എന്നാണ് വിചാരണവേളയില്‍ ഇവരും കോടതി മുമ്പാകെ പറഞ്ഞത്.
സംഭവസ്ഥലത്തുവച്ച് 94-ാം സാക്ഷി റെക്കോര്‍ഡ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് 11 -ാം സാക്ഷി വിനോദ് ബാബുവിനെ കാണിച്ച് മൊഴി രേഖപ്പെടുത്തണമെന്ന സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പ്രതിഭാഗം എതിര്‍ത്തു. ഇത് ഇരുഭാഗം അഭിഭാഷകര്‍ തമ്മില്‍ വലിയ വാക്പോരിനിടയാക്കി.
ഒടുവില്‍ പ്രതിഭാഗത്തിന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയ കോടതി സ്പെഷല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ച് വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് സാക്ഷിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവാദം നല്കി.
എന്നാല്‍ തന്നെയും തന്റെ മകനെയും അപൂര്‍വം ചില പ്രതികളെയും ഒഴികെ മറ്റാരെയും താനറിയില്ല എന്ന് സാക്ഷി കോടതിയില്‍ മൊഴിമാറ്റി പറയുകയായിരുന്നു. കൂറുമാറിയവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കാന്‍ പ്രോസിക്യൂട്ടര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ ഈ മാസം 12ന് തുടരും.