നിലന്പൂർ കനോലിയിലേക്കുള്ള തൂക്കുപാലം നിർമാണം ഏങ്ങുമെത്തിയില്ല
1443047
Thursday, August 8, 2024 5:11 AM IST
നിലന്പൂർ: വനംവകുപ്പിന്റെ കനോലിപ്ലോട്ടിലേക്കുള്ള തൂക്കുപാലം പ്രവൃത്തി നിലച്ചു. 2018 ലെ പ്രളയത്തിൽ ഭാഗികമായും 2019 ലെ പ്രളയത്തിൽ പൂർണമായും തകർന്ന കനോലി പ്ലോട്ടിലേക്ക് ചാലിയാറിന് കുറുകെയുള്ള തൂക്കുപാലത്തിന്റെ നിർമാണമാണ് അനന്തമായി നീളുന്നത്. കഴിഞ്ഞ മാർച്ചിൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് പ്രഖ്യാപിച്ച തൂക്കുപാലത്തിന്റെ നിർമാണം തടസപ്പെട്ടുകിടക്കുകയാണ്.
ചാലിയാറിന്റെ ഇരുകരകളിലുമായി ഓരോ തൂണുകൾ മാത്രമാണ് ഇതുവരെ നിർമിച്ചത്. 50 മീറ്റർ നീളത്തിലും 1.7 മീറ്റർ വീതിയിലുമായാണ് തൂക്കുപാലത്തിന്റെ നിർമാണം ലക്ഷ്യമിട്ടിരുന്നത്.
നിർമാണം വേഗത്തിൽ തുടങ്ങി. എന്നാൽ സർക്കാർ ഫണ്ട് നൽകാതെ വന്നതോടെ പണിയും നിലച്ചു.
ഓരോ വർഷവും വിനോദസഞ്ചാരികളിൽ നിന്ന് ലക്ഷങ്ങൾ വനം വകുപ്പിന് ലഭിക്കുന്പോഴാണ് പണം ഇല്ലെന്ന കാരണത്താൽ നിർമാണം നിലച്ചിരിക്കുന്നത്. 2018 ലെ പ്രളയത്തിലാണ് പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. 2019 ലെ പ്രളയത്തിൽ തൂക്കുപാലം പൂർണമായും തകർന്നു. ഇതേതുടർന്നാണ് തൂക്കുപാലം പുതുക്കി പണിയുന്നതിനായി അടച്ചിട്ടത്.
കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സിൽക്കിനായിരുന്നു നിർമാണ ചുമതല. രണ്ടരകോടി രൂപക്കാണ് ടെൻഡർ എടുത്തിട്ടുള്ളത്. ഒലിച്ചുപോയ തൂക്കുപാലവും സിൽക്കാണ് നിർമിച്ചിരുന്നത്. പ്രളയ സാധ്യതകൾ മുന്നിൽ കണ്ട് നിലവിലുണ്ടായിരുന്ന പാലത്തിനേക്കാൾ രണ്ട് മീറ്റർ കൂടി ഉയരത്തിലാണ് പുതിയ പാലം നിർമിക്കുന്നത്.
ആറുമാസം കൊണ്ട് പണി പൂർത്തീകരിക്കാനാണ് കരാറെന്നും ഈ കാലയളവിനുള്ളിൽ തന്നെ തൂക്കുപാലത്തിന്റെ നിർമാണം പൂർത്തീകരിക്കുമെന്നും പ്രവൃത്തിക്ക് മേൽനോട്ടം വഹിച്ചിരുന്ന എൻജിനിയർ ശ്യാംനാഥ് അന്ന് പറഞ്ഞിരുന്നു.
തൂക്കുപാലം ഇല്ലാത്തതിനാൽ വിനോദ സഞ്ചാരികൾക്ക് കനോലി പ്ലോട്ടിലേക്ക് എത്താൻ കഴിയില്ല. തൂക്കുപാലം തകർന്നത് പുനർനിർമിക്കാനെടുത്ത കാലതാമസം വനം വകുപ്പിന് വരുത്തിയത് കോടികളുടെ നഷ്ടമാണ്. വനംവകുപ്പിന് വിനോദ സഞ്ചാരികളിൽ നിന്ന് പാസ് ഇനത്തിൽ ലഭിക്കുന്ന തുകയിൽ വൻ കുറവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തൂക്കുപാലം യഥാർഥ്യമാക്കാൻ വനംവകുപ്പാണ് മുൻകൈ എടുക്കേണ്ടത്.