ക്യാമ്പുകളില്‍ കഴിഞ്ഞവരെ വീടുകളിലേക്ക് മാറ്റി
1442196
Monday, August 5, 2024 5:14 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരെ വീടുകളിലേക്ക് മാറ്റി. മഴ കുറഞ്ഞ സാഹചര്യത്തില്‍ റവന്യുവകുപ്പിന്റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് 153 പേരെ സ്വന്തം വീടുകളിലേക്ക് തിരികെ അയച്ചത്. കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 31 നാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തും റവന്യുവകുപ്പും ചേര്‍ന്ന് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.
ആര്‍ത്തല, പുറ്റള, പന്നിക്കുന്ന്, നെല്ലിക്കല്ലടി, മഞ്ഞളാംചോല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു അഞ്ച് ദിവസം പ്രവര്‍ത്തിച്ച ക്യാമ്പില്‍ കഴിഞ്ഞിരുന്നത്. ക്യാമ്പിലുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചും സേവനങ്ങള്‍ ചെയ്തും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും കൂട്ടായ്മകളും സജീവമായി രംഗത്തുണ്ടായിരുന്നു.
ഇന്നലെ ഉച്ചഭക്ഷണത്തോടെയാണ് ക്യാമ്പിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിയത്. ഇവര്‍ക്ക് അവശ്യവസ്തുക്കളും കുട്ടികള്‍ക്ക് വസ്ത്രങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.അയ്യപ്പന്, എസ്ഐ നാസര്‍,
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ഉമ്മര്‍, ഷീബ പള്ളിക്കുത്ത്, ഷീന ജില്‍സ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ. കെ. ജയിംസ്, അംഗങ്ങളായ നുഹ്മാന്‍ പാറമ്മല്‍, വി.സി. ഉണ്ണികൃഷ്ണന്, പിടിഎ പ്രസിഡന്റ് അഷ്റഫ് കുണ്ടുകാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.