പോലീസിന്റെ അന്വേഷണമികവ് : പത്താം ക്ലാസുകാരന് മോഷണംപോയ സൈക്കിള്‍ തിരിച്ചുകിട്ടി
1435963
Sunday, July 14, 2024 5:52 AM IST
പൊന്നാനി: പോലീസിന്റെ അന്വേഷണമികവിൽ പത്താം ക്ലാസുകാരന് തിരിച്ചുകിട്ടിയത് മോഷണംപോയ സൈക്കിള്‍. ഈഴുവതിരുത്തി സ്വദേശി അണ്ടിപ്പാട്ടില്‍ അബ്ദുറഹ്മാന്റെ മകനും പൊന്നാനി എവി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയുമായ മുഹമ്മദ് സാദിഖിനാണ് നഷ്ടപ്പെട്ടെന്നു കരുതിയ സൈക്കിൾ തിരിച്ചുകിട്ടിയത്.
പൊന്നാനി, എടപ്പാള്‍, പൊറൂക്കര, പൊല്‍പ്പാക്കര മേഖലകളില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പിടിയിലായ തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലകൃഷ്ണന് എന്ന കണ്ണനാണ് സൈക്കിൾ മോഷ്ടിച്ചത്.
കഴിഞ്ഞ ആഴ്ച പെരുമ്പടപ്പ് സ്റ്റേഷന് പരിധിയില്‍ മോഷണത്തിന് തയാറെടുക്കുന്നതിനിടെ സാഹസികമായാണ് ഇയാളെ പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് റിമാന്‍ഡിലായ പ്രതിയെ പൊന്നാനി സ്റ്റേഷന് പരിധികളില്‍ നടന്ന മോഷണകേസുകളില്‍ തെളിവെടുപ്പിനായി പൊന്നാനി പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പൊന്നാനി അലങ്കാര്‍ തിയറ്ററിന് സമീപമുള്ള വീട്ടില്‍ നിന്നാണ് സൈക്കിള്‍ മോഷ്ടിച്ചതെന്നാണ് പ്രതി പോലീസിന് നല്കിയ മൊഴി.
തുടര്‍ന്ന് പരിസര പ്രദേശങ്ങളിലും മറ്റും സൈക്കിളിന്റെ ഉടമയെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ സലാമിന്റെ സഹായത്തോടെ അന്വേഷണസംഘം ഉടമയെ ഒടുവിൽ കണ്ടെത്തുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച സൈക്കിള്‍ പൊന്നാനി പോലീസ് രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ മുഹമ്മദ് സാദിഖിന് കൈമാറി.