‘യുവാക്കളുടെ ശാക്തീകരണത്തിന് യൂത്ത് ലീഗ് മുന്തിയ പരിഗണന നല്‍കും’
1435693
Saturday, July 13, 2024 5:02 AM IST
മലപ്പുറം: യുവാക്കളുടെ ശാക്തീകരണത്തിന് മുസ്ലിം യൂത്ത് ലീഗ് മുന്തിയ പരിഗണന നല്‍കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുവാക്കളുടെ തൊഴില്‍, സാമൂഹിക ഇടപെടല്‍, സാംസ്കാരിക മേഖലയിലുള്ള വ്യക്തിത്വം, ധാര്‍മിക ഉത്തരവാദിത്വം തുടങ്ങിയ വിവിധ മേഖലകളില്‍ അവരെ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.
സ്വാര്‍ഥ താല്പര്യങ്ങളാലും അരാഷ്ട്രീയവാദത്താലും ഒറ്റപ്പെട്ട് പോകുന്നവരെ തിരികെ കൊണ്ടുവരാനും അവരെ സമൂഹത്തിന്റെ മുന്നില്‍ മാന്യമായ സ്ഥാനം കൈവരിക്കുന്നതിന് യൂത്ത് ലീഗ് നേതൃപരമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഡൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ചെമ്മങ്കടവില്‍ കൊളക്കാട്ടില് അലി സാഹിബിന്റെ നാമധേയത്തില്‍ നിര്‍മിക്കുന്ന യൂത്ത് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സോഷ്യല്‍ മീഡിയ പ്രചാരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് കെ.എന്‍. ഷാനവാസ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി. മുജീബ്, ജനറല്‍ സെക്രട്ടറി ശബാഹ്, ഭാരവാഹികളായ ജലീല്‍ വില്ലന്‍, റിയാസ് പാലക്കല്‍, ഫാസില്‍ കരീം, വി.ടി. ഫൈസല്‍, ടി. മുര്‍ഷിദ്, ഇര്‍ഷാദ് ഒറ്റത്തറ, അന്‍വര്‍ ഒറ്റത്തറ എന്നിവര്‍ പ്രസംഗിച്ചു.