"പുഴക്കാട്ടിരി ആരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കണം’
1435692
Saturday, July 13, 2024 5:02 AM IST
പുഴക്കാട്ടിരി: മങ്കട ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പുഴക്കാട്ടിരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. എംഎല്‍എയുടെ ശ്രമഫലമായും ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയും കിടത്തി ചികിത്സക്കായി സൗകര്യം ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുണ്ട്.
നിലവിലെ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് ഫാര്‍മസിസ്റ്റ്, ഒരു ലാബ് അസിസ്റ്റന്റ്, ഒരു സ്റ്റാഫ് നഴ്സ്, മൂന്ന് നഴ്സിംഗ് അസിസ്റ്റന്റ്, രണ്ട് ഗ്രേഡ് ടു, ഒരു പിടിഎസ്, ഒരു ക്ലാര്‍ക്ക് എന്നിവര്‍ക്ക് പുറമേ മൂന്ന് ഡോക്ടര്‍മാര്‍, ഒരു സ്റ്റാഫ് നഴ്സ്, മൂന്നു നഴ്സിംഗ് അസിസ്റ്റന്റുമാര്‍, രണ്ട് ഫാര്‍മസിസ്റ്റ്, രണ്ട് ഗ്രേഡ് ടു, ഒരു ക്ലാര്‍ക്ക് എന്നിവരെ കൂടി പുതുതായി അനുവദിച്ചാലേ കിടത്തി ചികിത്സ ആരംഭിക്കുവാന്‍ കഴിയുകയുള്ളൂ.
ദിനേന 300നും 400നുമിടയില്‍ ഒപി ഹോസ്പിറ്റലിലുണ്ട്. അങ്ങാടിപ്പുറത്തിനും ചട്ടിപ്പറമ്പിനുമിടയില് അങ്ങാടിപ്പുറം, പുഴക്കാട്ടിരി, കുറുവ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍തലത്തില്‍ കിടത്തിചികിത്സയുള്ള മറ്റൊരു കേന്ദ്രം വേറെയില്ല.
അടിയന്തരമായി ജീവനക്കാരെ അധികമായി അനുവദിച്ച് ആശുപത്രിയില്‍ ചികിത്സാ സൗകര്യം ഒരുക്കണമെന്ന് മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം കെ.പി. അസ്മാബി അവതരിപ്പിച്ചു. മെന്പര് ബിന്ദു കണ്ണന് പ്രമേയത്തെ പിന്താങ്ങി. പ്രസിഡന്റ് ടി.അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജാഫര്‍ വെള്ളക്കാട്ട്, ടി.കെ. ശശീന്ദ്രന്, ഫൗസിയ പെരുമ്പള്ളി, മെന്പര്‍മാരായ ഒ. മുഹമ്മദ് കുട്ടി, പി. ഷറഫുദ്ദീന്, സെക്രട്ടറി എം. അബ്ദുള്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.