നിലമ്പൂര്‍ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു
1435393
Friday, July 12, 2024 4:13 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ പകര്‍ച്ച വ്യാധികള്‍ പെരുകുന്നു. എച്ച്-വണ്‍ എന്‍-വണ്‍, ഡെങ്കിപ്പനി, കോവിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവക്ക് പുറമേ ഒരു മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പകര്‍ച്ചവ്യാധി രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് ഒരുക്കി.
എച്ച്-വണ്‍ എന്‍-വണ്‍ രോഗം സ്ഥിരീകരിച്ചവര്‍ മൂന്ന് പേരുണ്ട്. ഇതേ രോഗത്തിന്റെ ലക്ഷണങ്ങളുമായി എത്തിയ ഏഴു രോഗികള്‍ പരിശോധന നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ്. കോവിഡ് ബാധിച്ച ഒരു രോഗിയുമുണ്ട്.
കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി മഞ്ഞപ്പിത്തമുള്ള 12 പേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രി കിടത്തി ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തോളം പേര് ഡെങ്കിപ്പനി ബാധിതരായും ആശുപത്രിയിലുണ്ട്. വിവിധ പകര്‍ച്ച വ്യാധി രോഗമുള്ളവരെ ജില്ലാ ആശുപത്രിയിലെ സാന്ത്വന ചികിത്സാ വിഭാഗത്തിന്റെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
20 കിടക്കകളാണ് ഇവര്‍ക്കായി മാറ്റിവച്ചത്. പകര്‍ച്ച പനിയും വ്യാപകമായി വര്‍ധിച്ചതോടെ രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാനും പ്രയാസമുണ്ട്. സംശയമുള്ള രോഗികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കയച്ച് ലാബ് പരിശോധനകള്‍ നടത്തിവരികയാണ്.
നിലമ്പൂര്‍ മേഖലയില്‍ താമസിക്കുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് മലേറിയ ഉള്ളതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ പനിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ 300 ലേറെപ്പേര്‍ ദിവസവും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തുന്നുണ്ട്. നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് എച്ച്-വണ്‍ എന്‍-വണ്‍ പനി സ്ഥിരികരിച്ചിട്ടുള്ളവര്.