ഗ്രാമീണ തൊഴിലുറപ്പു പദ്ധതി: പുതിയ പരിഷ്ക്കാരങ്ങൾ തൊഴിലാളികൾക്ക് വിനയാകുന്നു
1435385
Friday, July 12, 2024 4:06 AM IST
കരുവാരകുണ്ട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി നടപ്പാക്കിയ ഹാജർനില രേഖപ്പെടുന്ന സംവിധാനത്തിൽ നട്ടം തിരിഞ്ഞ് തൊഴിലാളികൾ . മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം ആപ്പ് ഉപയോഗിച്ചാണ് ഹാജർ രേഖപ്പെടുത്തുന്നത്.
ജിയോ ടാഗ് ചെയ്ത സ്ഥലത്ത് തന്നെ തൊഴിലാളികൾ രാവിലെയും ഉച്ചയ്ക്കും എൻഎംഎംഎസ് രേഖപ്പെടുത്തി ഫോട്ടോ എടുക്കണം. ഇതിനെതിരേയാണ് വ്യാപക പരാതി ഉയരുന്നത്. തോട് , ഭൂവികസനം തുടങ്ങിയ പ്രവൃത്തികൾ നടക്കുന്ന സമയത്ത് എൻഎം എംഎസ് ആപ്പ് ഉപയോഗിച്ചാണ് തൊഴിലുറപ്പിൽ ഭാഗമായവരുടെ ഹാജർ രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ മാർച്ച് മുതൽ നിലവിൽ വന്ന രീതിയനുസരിച്ച് തൊഴിൽ എടുക്കുന്ന പദ്ധതി പ്രദേശത്തിന്റെ ജിയോ ടാഗ് ചെയ്ത ഭാഗത്തിന്റെ 10 മീറ്റർ ചുറ്റളവിൽ നിന്നു വേണം ഹാജർ രേഖപ്പെടുത്താൻ. രണ്ടു കിലോമീറ്റർ അകലെ വരെ ആകും തൊഴിൽ പ്രദേശം. ഹാജർ രേഖപ്പെടുത്തിയ ശേഷം ജോലിചെയ്ത് വീണ്ടും ഇതേ സ്ഥലത്ത് എത്തിവേണം മസ്റ്റർ പൂർത്തിയാക്കാൻ.
ഇതാണ് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നത്. പ്രത്യേകിച്ചും പ്രായമായ തൊഴിലാളികൾക്കാണ് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. എൻഎംഎം എസ് ആപ്പ് സാങ്കേതിക പ്രശ്നങ്ങളും തിരിച്ചടിയാകുന്നുണ്ട്.
ഇത് തോടുനിർമാണത്തിലാണ് കൂടുതൽ തിരിച്ചടിയാകുന്നതെന്ന് ഗ്രാമപഞ്ചായത്തഗങ്ങൾ പറഞ്ഞു. പലപ്പോഴും സോഫ്റ്റ്വെയർ പ്രശ്നങ്ങൾ മൂലം തൊഴിൽ ചെയ്തിട്ടും ഹാജർ രേഖപ്പെടുത്താൻ കഴിയാതെ വരുന്നതോടെ വേതനം മുടങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നതായി ഇവർ പറയുന്നു. തൊഴിലാളികളിൽ മിക്കവരും 50 വയസിനും 60 വയസിനും മുകളിൽ പ്രായമുള്ളവരാണ്.
ഇക്കാരണത്താൽ തന്നെ പലരും തൊഴിലിന് എത്താൻ മടിക്കുന്നതായും ഇവർ പറയുന്നു. സർക്കാർ ഇടപെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.