കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
1430616
Friday, June 21, 2024 5:53 AM IST
കരുവാരകുണ്ട്: കൈക്കൂലി വാങ്ങിയ സംഭവത്തിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽ രാജിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. നീലാഞ്ചേരി സ്വദേശിനി തെച്ചിയോടൻ ജമീലയിൽ നിന്ന് വാങ്ങിയ ഇരുപതിനായിരം രൂപയും വിജിലൻസ് കണ്ടെടുത്തു.
തുവ്വൂർ വില്ലേജ് ഓഫീസർ കെ.സുനിൽ രാജിനെതിരേ വ്യാപക അഴിമതി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. നീലാഞ്ചേരി സ്വദേശിനി തെച്ചിയോടൻ ജമീല ഭൂമിയുടെ പട്ടയം ലഭ്യമാകുന്നതിനായി പല തവണയാണ് വില്ലേജ് ഓഫീസ് കയറിയിറങ്ങിയത്. 5,20000 രൂപ കൈക്കൂലിയായി നൽകിയാൽ പട്ടയം ശരിയാക്കി നൽകാം എന്നായിരുന്നു സുനിൽ രാജിന്റെ മറുപടി.
സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത ജമീല കൈക്കൂലി തുക കുറയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. പിന്നീട് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ ജമീലയെ സഹായിക്കാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും 32,000 രൂപ ലഭിക്കണമെന്നായി. ഇതും ജമീലയ്ക്ക് സംഘടിപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു.
പിന്നീട് കടം വാങ്ങി 20000 രൂപ സുനിൽ രാജിന് നൽകുകയായിരുന്നു. ഇതാണ് വിജിലൻസ് സംഘം കണ്ടെടുത്തത്. ഡിവൈഎസ്പി ഫിറോസ് എം. ഷഫീഖ്, ഇൻസ്പെക്ടർമാരായ ശശീന്ദ്രൻ മേലയിൽ, പി. ജ്യോതീന്ദ്രകുമാർ,
എസ്ഐമാരായ ശ്രീനിവാസൻ, മോഹന കൃഷ്ണൻ, മധുസൂദനൻ, എഎസ്ഐ രത്ന കുമാരി, എസ്സിപിഒമാരായ വിജയകുമാർ, ഷൈജു, രാജീവ്, മറ്റു ഉദ്യോഗസ്ഥരായ സുബിൻ, ശ്യാമ , ഷിഹാബ്, സുനിൽ, അഭിജിത്ത് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.