പോലീസുകാരന് മർദനം; രണ്ടുപേർ അറസ്റ്റിൽ
1430216
Wednesday, June 19, 2024 7:20 AM IST
വണ്ടൂർ: റെസ്റ്റോറന്റിൽ നടന്ന കൈയ്യാങ്കളി നിയന്ത്രിക്കാൻ ചെന്ന പോലീസുകാരന് മർദനം. സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിൽ. കഴിഞ്ഞദിവസം രാത്രി വണ്ടൂരിലാണ് സംഭവം. കാളികാവ് പൂങ്ങോട് മഠത്തിൽ വിഷ്ണു പ്രസാദ് (32), സഹോദരനായ അമരമ്പലം കരുനെച്ചിക്കുന്ന് മഠത്തിൽ വിപിൻദാസ് (37) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ഇരുവരും കുടുംബസമേതം വണ്ടൂർ കാളികാവ് റോഡിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു.
ഇവിടെ വച്ച് തൊട്ടടുത്തിരുന്ന ഒരു സംഘം യുവാക്കളുമായി സംഘർമുണ്ടാവുകയും റെസ്റ്റോറന്റ് ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അഭിജിത്തും, റസ്റ്റോറന്റിലെ ജീവനക്കാരും ചേർന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണു പ്രസാദും വിപിൻ ദാസും അഭിജിത്തിനെ ആക്രമിച്ചത്. തുടർന്ന് കൂടുതൽ പോലീസുകാരത്തി ഇരുവരെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ എസ്സിപിഒ സായ് ടി. ബാലന്റെ കൈയിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷൻ ലോക്കപ്പിനകത്തെ ശുചിമുറിയുടെ വാതിലും പൈപ്പും മറ്റ് ഉപകരണങ്ങളും പ്രതികൾ തകർത്തു. സംഭവത്തിൽ സിപിഒ അഭിജിത്തിന്റെ പരാതിയിൽ പോലീസുകാരെ ആക്രമിച്ചതിനും കൃത്യ നിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.