മഞ്ഞപ്പിത്തബാധയെന്ന് സംശയം: വഴിക്കടവ് സ്വദേശി ചികിത്സയിലിരിക്കെ മരണപ്പെട്ടു
1430007
Tuesday, June 18, 2024 10:11 PM IST
എടക്കര: വഴിക്കടവ് സ്വദേശിയായ യുവാവ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. മഞ്ഞപ്പിത്തബാധയെന്നാണ് സംശയം. പുന്നയ്ക്കല്‍ വാല്‍പറമ്പന്‍ അബ്ദുവിന്റെ മകന് ഷെബീര്‍ (36) ആണ് മരിച്ചത്. ഒരു മാസം മുന്‍പാണ് ദമാമില്‍ അക്കൗണ്ടന്റായ ഷെബീര്‍ നാട്ടിലെത്തിയത്.
അസുഖാധിതനായതിനെത്തുടര്ന്ന് വെള്ളിയാഴ്ച എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ഇന്നലെ പുന്നക്കല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മൃതദേഹം മറവ് ചെയ്തു.
കോഴിക്കോട്ടെ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഭാര്യ: ഷെഹ്മ ഷെബീര്‍. മകള്‍: ഷെസിന്.