‘രാമംകുത്ത് റെയില്‍വേ അടിപ്പാതറോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കണം’
1429443
Saturday, June 15, 2024 5:42 AM IST
നിലമ്പൂര്‍: രാമംകുത്ത് ഭാഗത്തെ റെയില്‍വേയുടെ അടിപ്പാത മഴ പെയ്തതോടെ മണ്ണിടിഞ്ഞ് ബസുകള്‍ക്ക് പോകാന്‍ കഴിയാത്ത വിധമായി മാറിയിട്ടുണ്ട്. ഈ അടിപ്പാത നന്നാക്കുന്ന പ്രവൃത്തി നീട്ടികൊണ്ട് പോകാതെ കോണ്‍ക്രീറ്റ് ചെയ്യാത്ത ഭാഗം ഉടന്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് നിലമ്പൂര്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷന് ഭാഗത്തെ മെയിന്‍ റോഡിലെ അടിപ്പാത നിര്‍മാണ പ്രവൃത്തിക്ക് വേണ്ടി റോഡ് അടച്ചതിനാല്‍ കാളികാവ്, പൂക്കോട്ടുംപാടം ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ബദല്‍ റോഡായി ഉപയോഗിക്കുന്നത് രാമംകുത്ത് റെയില്‍വേ അടിപ്പാതയാണ്. 35 ബസുകളുടെ 80 ട്രിപ്പുകള്‍ ഇതുവഴി വരുന്നുണ്ട്. ഈ ഭാഗത്ത് മഴ പെയ്താല്‍ അടിപ്പാതയുടെ മണ്ണെടുത്ത ഭാഗത്തെ ചുമരില്‍ നിന്ന് മണ്ണിടിഞ്ഞ് റോഡിൽ ചെളി നിറയും.
റെയില്‍വേ സ്റ്റേഷന് ഭാഗത്തെ അടിപ്പാത നിര്‍മാണം അനന്തമായി നീണ്ടുപോകുന്ന അവസ്ഥയില്‍ ബസുകള്‍ക്കും യാത്രക്കാര്‍ക്കുമുള്ള ബദല്‍ റോഡാണ് ചെറിയ ചാറ്റല്‍ മഴയില്‍ പോലും ചെളി നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതെ ശോച്യാവസ്ഥയിലായി കിടക്കുന്നത്.
ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കല്‍, താലൂക്ക് ഭാരവാഹികളായ നിയാസ് ചാലിയാര്‍, ഷൗക്കത്തലി ഉള്ളാട്ട് പറമ്പന്‍, കെ.ടി. മെഹബൂബ്, എ. ഷെമീര്‍ ബാബു, ബാബു എന്നിവര്‍ സംസാരിച്ചു.