15 വയസുകാരിക്ക് ലൈംഗിക പീഡനം; പ്രതിക്ക് 24 വര്‍ഷം കഠിന തടവ്
1429246
Friday, June 14, 2024 5:51 AM IST
നിലമ്പൂര്‍: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയടക്കാനും നിലമ്പൂര്‍ അതിവേഗ കോടതിയുടെ വിധി. പോത്തുകല്ല് പഞ്ചായത്തിലെ ഇരുട്ടുകുത്തി ആദിവാസി കോളനിയിലെ മനോജിനെ (29) യാണ് നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് കെ.പി. ജോയി ശിക്ഷിച്ചത്.
2022 സെപ്റ്റംബര്‍ ഏഴിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി വീടിനു സമീപത്തുള്ള പുഴയുടെ തീരത്തുവച്ച് പ്രതി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് പോത്തുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം നാലു വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം സാധാരണ തടവും പോക്സോ നിയമപ്രകാരം 20 വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം സാധാരണ തടവും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ജയിലില്‍ കിടന്നകാലം ശിക്ഷയായി പരിഗണിക്കും. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കുന്നതാണ്.
കൂടാതെ മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയോട് നിര്‍ദേശിച്ചിട്ടുമുണ്ട്. പോത്തുകല്ല് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന നെല്‍വിന്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തിയത്. പോത്തുകല്ല് പോലീസ് ഇന്‍സ്പെകടറായിരുന്ന കെ.ടി. ശ്രീനിവാസന് കേസന്വേഷണം പൂര്‍ത്തീകരിച്ച് പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. 20 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.