വെസ്റ്റ് നൈൽ പനി മരണം: അടിയന്തര യോഗം ചേർന്നു
1429243
Friday, June 14, 2024 5:51 AM IST
വണ്ടൂർ: പോരൂർ നിരന്നപറമ്പ് ആലിക്കോട് - മണ്ണേംകുത്ത് വെസ്റ്റ് നൈല്‍ പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ എ.പി. അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അടിയന്തര യോഗം ചേർന്നു.
രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ എടുക്കാൻ തീരുമാനമായി. വിഷയം ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അനിൽകുമാർ എംഎൽഎ അറിയിച്ചു.പ്രദേശവാസിയായ 23 വയസുകാരനാണ് പനി ബാധിച്ച് മരിച്ചത്. വിട്ടുമാറാത്ത പനിയെ തുടർന്ന് കുഴഞ്ഞുവീണ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
പൂനെയിലേക്ക് അയച്ച സാമ്പിളിൽ നിന്നാണ് വെസ്റ്റ് നൈൽ പനിയെന്ന് സ്ഥിരീകരിച്ചത്. വൃത്തിയില്ലാത്ത വെള്ളത്തില്‍ വളരുന്ന ക്യുലക്സ് കൊതുകില്‍ നിന്നാണ് വേസ്റ്റ്നൈൽ പനി പകരുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഈ മാസം അഞ്ചിന് പ്രദേശത്തെ എഴുപതോളം വീടുകൾ സന്ദർശിച്ച് പനി സർവേ പൂർത്തിയാക്കി. ഇതിൽ ആറ് പനി കേസുകൾ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ജില്ലാ തല പരിശോധന നടത്തിയതിൽ നിന്ന് പ്രദേശത്ത് ക്യൂലക്സ് കൊതുകുകളുടെ സാന്ദ്രത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.
മറ്റു വാർഡുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പനി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്ത് കൊതുകിന്റെ ലാർവകളെ നശിപ്പിക്കാൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത്.