25 കേന്ദ്രങ്ങളില്‍ ബോധവത്കരണം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളുമായി റെഡ് ക്രോസ്
1424969
Sunday, May 26, 2024 4:37 AM IST
മഞ്ചേരി: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ സജ്ജരായി ഏറനാട് താലൂക്കില്‍ റെഡ് ക്രോസ് സംഘം. 25 കേന്ദ്രങ്ങളില്‍ ബോധവത്കരണമടക്കം വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മഞ്ചേരി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന റെഡ് ക്രോസ് താലൂക്ക്തല യോഗം തീരുമാനിച്ചു. താലൂക്കിലെ 12 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഭരണസമിതിയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
11 വിദ്യാലയങ്ങളില്‍ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കും. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നിര്‍ദേശ/സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ഡിഡിആര്‍ടി, ജെആര്‍സി, വൈആര്‍സി എന്നീ സംഘങ്ങളെ പ്രവര്‍ത്തന സജ്ജമാക്കും.
താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് ആശുപത്രികള്‍, പോലീസ്-ഫയര്‍ സ്റ്റേഷനുകള്‍, പ്രാദേശിക ഭരണകൂടങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ ഉപയോഗപ്പെടുത്തി സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഏറനാട് തഹസില്‍ദാര്‍ എം.കെ. കിഷോര്‍ യോഗം ഉദ്ഘാടനം ചെയ്തു.
ചെയര്മാന് ഹുസ്സൈന്‍ വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.വി. മറിയുമ്മ, സെക്രട്ടറി ഷാജി കെ.പവിത്രം, വൈസ് ചെയര്മാന് ഉമ്മര്‍ കാവനൂര്‍, ജില്ലാ ഡിഡി ആര്‍ടി കോഡിനേറ്റര്‍ ടി. ഉവൈസ്, മുഹമ്മദലി ചെരണി, എം. മുഹമ്മദ് ഷാഫി, വി. അഹമ്മദ് ഷഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.