കർഷകർക്ക് തിരിച്ചടിയായി കൊക്കോവില പാതിയായി കുറഞ്ഞു
1424964
Sunday, May 26, 2024 4:37 AM IST
കരുവാരകുണ്ട്: കർഷകർക്ക് തിരിച്ചടിയായി സർവകാല റെക്കോഡിട്ട കൊക്കോവിലയും മൂന്നാഴ്ച്ചക്കിടെ പാതിയായി കുറഞ്ഞു. മേയ് തുടക്കത്തിൽ ഒരു കിലോ കൊക്കോ പരിപ്പിന് 1000-1080 രൂപ വിലയുണ്ടായിരുന്നു.
ഇപ്പോൾ നിലവിലുള്ള വില 580-610 രൂപയാണ്. 270 രൂപ വിലയുണ്ടായിരുന്ന പച്ചകൊക്കോയ്ക്ക് 180 രൂപയായും വില താഴ്ന്നു. അടുത്തിടയ്ക്ക് ഉണ്ടായ കീടബാധയും അണ്ണാൻ, മരപ്പട്ടി, എലി എന്നിവയുടെ ശല്യവും വിലത്തകർച്ചയും മൂലം പല കർഷകരും കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു കയറുകയുമായിരുന്നു.
മേയ് മാസം അവസാനം കൂടുതല്‍ ചരക്ക് വില്പ്പനക്കിറങ്ങാന് ഇടയുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സന്ദര്‍ഭത്തില്‍ കൊക്കോ വില കിലോ 220 രൂപ മാത്രമായിരുന്നു. എന്നാൽ കുത്തനെയുള്ള വിലയിടിവിന് പിന്നിൽ ഇടനില ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്.
മേയ് മുതൽ സെപ്റ്റംബർ വരെയാണ് കമ്പോളങ്ങളിൽ കൂടുതലായി കൊക്കോ എത്തുന്നത്. വ്യാപാരികളിൽ നിന്ന് പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് കയറ്റി അയയ്ക്കുന്നത്.
കൊക്കോ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും കൊക്കോ പരിപ്പിന് മറ്റ് കൃത്രിമ ബദലുകൾ നിർമിക്കാനാവാത്തതുമാണ് കൊക്കോയ്ക്ക് വിലക്കയറ്റം അനുഭവപ്പെട്ടത്. എന്നാൽ വില വീണ്ടും ഉയരുമെന്ന് കരുതി കായ ഉണക്കി സംഭരിച്ചുവച്ച കർഷകർക്കും മുന്തിയ വിലയ്ക്ക് വാങ്ങിവച്ച വ്യാപാരികൾക്കും വില കുത്തനെ ഇടിഞ്ഞത് വലിയ തിരിച്ചടിയാണുണ്ടായത്.