നിലമ്പൂര്‍ ടൗണ്‍ വികസനം: വനംവകുപ്പ് ഭൂമി വിട്ടുനല്‍കി; അതിരില്‍ കുറ്റിയടിച്ച് എംഎല്‍എ
1424961
Sunday, May 26, 2024 4:37 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ടൗണ്‍ വികസന പ്രവൃത്തിക്കായി വനംവകുപ്പ് ഭൂമി വിട്ടു നല്കി. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷന് ഓഫീസുകള്‍ക്ക് മുന്‍ വശത്തെ റോഡരികിലെ ഭൂമിയാണ് റോഡ് വികസനത്തിനായി വിട്ടു നല്‍കിയത്. പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഭൂമി അളന്ന് കുറ്റിയടിച്ചു. ഇതോടെ നിലമ്പൂര്‍ ടൗണ്‍ വികസനത്തിന് വേഗത വര്‍ധിക്കും.
നിലമ്പൂര്‍ ടൗണില്‍ റോഡ് വീതി കൂട്ടി നവീകരിച്ച് നടത്തുന്ന ടൗണ്‍ വികസന പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് റോഡ് വികസനത്തിനായി വനംവകുപ്പ് വനഭൂമി വിട്ടു നല്‍കിയത്. നിലമ്പൂര്‍ ടിബിക്കും പോസ്റ്റ് ഓഫീസിനും ഇടയിലുള്ള വനഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതിനായി മൂന്ന് മീറ്റര്‍ വീതിയില്‍ അളന്ന് തിട്ടപ്പെടുത്തി.
ജനതപ്പടി മുതല്‍ ഗവ. മോഡല്‍ യുപി സ്കൂള്‍ വരെയുള്ള ഒന്നേകാല്‍ കിലോമീറ്റര്‍ ഭാഗത്താണ് റോഡ് വികസിപ്പിക്കുന്നത്. ഒരു ഭാഗത്ത് ഗവ. മോഡല്‍ യുപി സ്കൂള്‍ മുതല്‍ പോലീസ് സ്റ്റേഷന് വരെയും മറു ഭാഗത്ത് അര്‍ബണ്‍ ബാങ്ക് വരേയും വി.കെ. റോഡ് ജംഗ്ഷന് മുതല്‍ വില്ലേജ് ഓഫീസ് വരേയും ഭൂമി ഏറ്റെടുത്ത് ഓവുചാല്‍ പുതുക്കി പണിതിട്ടുണ്ട്.
എന്നാല്‍ വനഭൂമിയും ടൗണിലെ ചില സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനുള്ള നടപടികള്‍ തടസപ്പെട്ടതിനാല്‍ പി.വി. അന്‍വര്‍ എംഎല്‍എ വനം മന്ത്രിയുമായി ബന്ധപ്പെട്ടാണ് ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചത്.
ഇതേ തുടര്‍ന്നാണ് വനഭൂമിയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കുറ്റിയടിച്ചത്. നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക്, പൊതുമരാമത്ത് എഇ മുഹ്സിന്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ സ്കറിയ ക്നാംതോപ്പില്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അഞ്ചു കോടി രൂപ ചെലവിലാണ് നിലമ്പൂര്‍ ടൗണ്‍ വികസന പ്രവൃത്തി നടന്നുവരുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയത്. മൂന്ന് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനമെങ്കിലും മുഴുവന്‍ ഭൂമി ഏറ്റെടുക്കാനാവാത്തതിനാല്‍ പ്രവൃത്തി നീളുകയായിരുന്നു. കുറഞ്ഞത് 13 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കും.
ഒമ്പത് മീറ്റര്‍ വീതിയില്‍ ടാറിംഗ് നടത്തും. ഇരു ഭാഗത്തും ഒന്നര മീറ്റര്‍ നടപ്പാതയുമുണ്ടാകും. റോഡരികില്‍ രണ്ടടി വീതിയില്‍ കട്ട പതിക്കുകയും ചെയ്യും. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ നിലമ്പൂര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.