മഴക്കാല പൂര്‍വ ശുചീകരണം നടത്തി
1423761
Monday, May 20, 2024 5:33 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭയില്‍ മഴക്കാല പൂര്‍വ ശുചീകരണ യഞ്ജത്തിന് തുടക്കമായി. മുനിസിപ്പല്‍ തല ഉദ്ഘാടനം കുത്തുകല്ല് ജംഗ്ഷനില്‍ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ നിര്‍വഹിച്ചു, ’ആവേശം 2024 വാര്‍ഡ്തല ശുചീകരണ യഞ്ജം’ എന്ന പേരിലാണ് 18 മുതല്‍ 31 വരെ 50 വാര്‍ഡുകളിലായി തീവ്രയജ്ഞം നടത്തുന്നത്.
’ശുചിത്വം മഹത്വം’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം വാര്‍ഡുകളിലെ പൊതുയിടങ്ങള്‍ ശുചീകരിക്കുക, മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുക എന്നത് കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
നേരത്തെ ’ഓണമെത്തും മുമ്പേ’ എന്ന പേരില്‍ വാര്‍ഡുകളില്‍ വിപുലമായി ശുചീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ 50 വാര്‍ഡുകളിലും പൊതുജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവൃത്തി നടത്തുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബുകള്‍, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷന് എന്നിവര്‍ പങ്കാളികളാകും. ആരോഗ്യസ്ഥിരം സമിതി ചെയര്മാന് റഹീം പുതുക്കൊള്ളി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ എന്‍.എം. എല്‍സി, കൗണ്‍സിലര്‍മാരായ മരുന്നന്‍ മുഹമ്മദ്, ഹുസൈന് മേച്ചേരി, എന്‍.കെ. ഉമ്മര്‍ ഹാജി, എ.വി. സുലൈമാന്‍, സി.പി. അബ്ദുള്‍കരീം, മുജീബ് റഹ്മാന് പരേറ്റ, ഷറീന ജവഹര്‍, മൂസാന്‍കുട്ടി, മുജീബ് റഹ്മാന് വടക്കീടന്‍, സുലൈഖ നൊട്ടിത്തൊടി, കെ.കെ.ബി മുഹമ്മദലി,
നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സലീം, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദീപേഷ് തലക്കാട്ട്, സി. നസ്റുദീല്, റില്‍ജു മോഹന്‍, നഗരസഭ ശുചീകരണ വിഭാഗം ജിവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.