ഒടമലയില്‍ ആളുകളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ
1423756
Monday, May 20, 2024 5:33 AM IST
ആലിപ്പറമ്പ് : ആലിപ്പറമ്പ് പഞ്ചായത്തിലെ ഒടമല, വളാംകുളം വാര്‍ഡുകളില്‍ കുട്ടികളടക്കം ഒട്ടേറെ പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നാട്ടുകാര്‍ പിടികൂടിയ നായയെ തൃശൂര്‍ മണ്ണുത്തിയിലെ ഗവ. ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
പേ സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നായയുടെ കടിയേറ്റവര്‍, നായയെ സ്പര്‍ശിച്ചവര്‍, കടിയേറ്റ കുട്ടികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയിലോ മഞ്ചേരി മെഡിക്കല്‍ കോളജിലോ ചികിത്സ തേടണം.
പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വാര്‍ഡംഗം സി.ടി. നൗഷാദലി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിബിന്, ജെപിഎച്ച്എന്‍ ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു. നായയുടെ കടിയേറ്റ ഒടമല പാവുട്ടക്കുന്നത്ത് ഹബീബ് റഹ്മാന്റെ മകന് മുഹമ്മദ് ഷാഫീന്(മൂന്നര) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒടമല കളത്തില്‍ ഷാഫിയുടെ മകള്‍ ഫാത്തിമ നസ്മിന്(അഞ്ച്) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടിയേറ്റ മറ്റുള്ളവര്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രി എന്നിവിടങ്ങളില്‍ നിന്ന് കുത്തിവയ്പെടുത്തു.