മെമു സ്പെഷല്‍ എക്സ്പ്രസ് നിലമ്പൂരിലേക്കു നീട്ടണമെന്ന്
1423754
Monday, May 20, 2024 5:33 AM IST
പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാതയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ എറണാകുളം ഷൊര്‍ണൂര്‍ സ്പെഷല്‍ മെമു എക്സ്പ്രസ് ട്രെയിന്‍ നിലമ്പൂരിലേക്കു നീട്ടണ മെന്നാവശ്യപ്പെട്ട് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നല്കി.
വൈകുന്നേരം 5.40ന് എറണാകുളം സൗത്തില്‍ നിന്ന് ആരംഭിച്ച് രാത്രി 8.40 നു ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ എത്തുന്ന മെമു സ്പെഷല്‍ എക്സ്പ്രസ് ട്രെയിന്‍ (നമ്പര്‍ 0 6 0 1 8 ) നിലമ്പൂരിലേക്ക് നീട്ടുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകും. നിലമ്പൂരില്‍ നിന്നു പുറപ്പെടുന്ന യാത്രക്കാര്‍ക്കു രാവിലെ എറണാകുളത്തെത്തി ആവശ്യങ്ങള്‍ കഴിഞ്ഞു തിരിച്ചു വരാന്‍ സാധിക്കും.
ഒമ്പതിന് ശേഷം തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഷൊര്‍ണൂരില്‍ എത്തുന്ന ജനശതാബ്ദിക്ക് നിലമ്പൂരിലേക്ക് കണക്ഷനും ലഭിക്കും. അതുപോലെ പുലര്‍ച്ചെ 4.30ന് ഈ ട്രെയിന്‍ തിരിച്ച് ഷൊര്‍ണൂരില്‍ നിന്നു എറണാകുളത്തേക്ക് പോകും.
നിലമ്പൂരിലേക്ക് നീട്ടിയാല്‍ അത് നിലമ്പൂരില്‍ നിന്ന് ആരംഭിച്ച് ഷൊര്‍ണൂരില്‍ എത്തിച്ചേരുമ്പോള്‍ ചെന്നൈയിലേക്ക് പോകുന്ന വെസ്റ്റ് കോസ്റ്റ് ട്രെയിനിന് കണക്ഷന് കിട്ടും.
ഇങ്ങനെ ഒട്ടനവധി ട്രെയിനുകള്‍ക്ക് കണക്ഷന് ലഭിക്കുകയും നിലമ്പൂര്‍ ഭാഗത്തുള്ളവര്‍ക്ക് രാവിലെ നേരത്തെ യാത്ര പോകുവാന്‍ വളരെ പ്രയോജനമുള്ള ഒരു സര്‍വീസ് കൂടിയാണിതെന്നു നിലമ്പൂര്‍ഷൊര്‍ണൂര്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.