മഴക്കാല കെടുതികളെ നേരിടാന്‍ പരിശീലനം
1423420
Sunday, May 19, 2024 5:31 AM IST
മലപ്പുറം: മഴക്കാല കെടുതികളെ പ്രതിരോധിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും ജില്ലാ ട്രോമാകെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ദുരന്തസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധമാര്‍ഗം തയാറാക്കുന്നതിനും മുന്‍കരുതല്‍ സ്വീകരിക്കാന്‍ പ്രാപ്തരാക്കുന്നതിനുമായി ട്രോമാകെയര്‍ വോളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. മുന്നൊരുക്കം 2024’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രോമാ കെയര്‍ പ്രസിഡന്റും റിട്ടയേര്‍ഡ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമായ ഡോ. പി.എം. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. കാലിക്കട്ട് എയര്‍പോര്‍ട്ട് ഫയര്‍സര്‍വീസിലെ സീനിയര്‍ മാനേജര്‍ ഇ. ഷൗക്കത്തലി മുഖ്യാതിഥിയായിരുന്നു.
ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) കെ.എ. ജോസഫ് സ്റ്റീഫര്‍ റോബി, മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡോ. ജോര്‍ജ് ജേക്കബ്, ജില്ലാ ട്രോമാ കെയര്‍ ലീഗല്‍ അ ഡൈ്വസര് അഡ്വ. പി.പി.എ. സഗീര്‍ എന്നിവര്‍ പ്രസംഗിച്ചു.
’ദുരന്ത നിവാരണ ലഘൂകരണം’ എന്ന വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, ’ദുരന്ത മേഖലയിലെ ആരോഗ്യരക്ഷ’ എന്ന വിഷയത്തില്‍ ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍, എന്‍ഡിസി നോഡല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ നിസാര്‍, ’ദുരന്ത നിവാരണവും ഭിന്നശേഷിയും’ എന്ന വിഷയത്തില്‍ ജില്ലാ സാമൂഹികനീതി ഓഫീസര്‍ സി.കെ. ഷീബ മുംതാസ് എന്നിവര്‍ പരിശീലനം നല്കി.
ജില്ലാ ട്രോമോ കെയര്‍ സെക്രട്ടറി കെ.പി. പ്രതീഷ് സ്വാഗതവും ട്രഷറര്‍ അഡ്വ.ഹാറൂണ്‍ അഷ്റഫ് നന്ദിയും പറഞ്ഞു.