വലമ്പൂരില് മാലിന്യക്കൂമ്പാരം
1417160
Thursday, April 18, 2024 5:50 AM IST
അങ്ങാടിപ്പുറം: നവകേരളം മാലിന്യ മുക്ത നഗരം പദ്ധതിയുടെ ഭാഗമായി വീടുകളില് നിന്നും മറ്റും ഹരിത കര്മ സേന ശേഖരിച്ച മാലിന്യങ്ങള് വലമ്പൂരിലെ മാലിന്യ സംഭരണ കേന്ദ്രത്തില് കെട്ടിക്കിടക്കുന്നു.
കരാറെടുത്ത കമ്പനി യഥാസമയം ഇവിടെ നിന്നു മാലിന്യങ്ങള് നീക്കം ചെയ്യാത്തതിനാല് 50 ലോഡോളം മാലിന്യമാണ് പ്രദേശത്ത് കെട്ടിക്കിടക്കുന്നത്. ഇതോടെ വിവിധ വാര്ഡുകളിലും മാലിന്യങ്ങള് കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. വീടുകളില് നിന്നു മാലിന്യങ്ങള് ശേഖരിക്കുന്ന പ്രവൃത്തിയും നിലച്ചമട്ടാണ്.
വെയിലിന്റെ കാഠിന്യത്താല് മാലിന്യം ശേഖരിച്ച പ്ലാസ്റ്റിക്ക് ചാക്കുകള് ദ്രവിച്ചു പൊട്ടുന്നു. ഇതോടെ ഇവ വീണ്ടും ചാക്കില് കെട്ടേണ്ട അവസ്ഥയിലാണ് ഹരിത കര്മ സേനാംഗങ്ങള്. ചെയ്ത പണി തന്നെ വീണ്ടും ചെയ്യേണ്ടിവരുന്നു.
മാസത്തില് ഒന്നോ രണ്ടോ തവണ ഏതാനും ലോഡ് മാലിന്യം മാത്രമാണ് ഇവിടെ നിന്നു കൊണ്ടുപോകുന്നത്. അതിനിരട്ടി മാലിന്യം വീണ്ടും സംഭരണ കേന്ദ്രത്തിലെത്തുന്നു. മഴക്കാലമായാല് പകര്ച്ചവ്യാധികള്ക്കു കാരണമാകും. വിഷയത്തില് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാര് ആവശ്യപ്പെടുന്നത്.