മഞ്ചേരിയില്‍ ഇന്ന് നിഴല്‍ രഹിത നിമിഷം; പ്രതിഭാസം ഉച്ചക്ക് 12.25ന്
1417155
Thursday, April 18, 2024 5:50 AM IST
മഞ്ചേരി : മഞ്ചേരിയില്‍ ഇന്നു ഉച്ചയ്ക്കു 12.25 മുതല്‍ ഒരു മിനിറ്റോളം ഒരു വസ്തുവിനും നിഴല്‍ ഉണ്ടായിരിക്കില്ല. സീറോ ഷാഡോ ഡേ അഥവാ നിഴലില്ലാ ദിനം എന്ന പ്രതിഭാസം മൂലമാണിത്.
ഈ സമയത്ത് സൂര്യ വെളിച്ചം കുത്തനെ പതിക്കുന്നതിനാലാണിത്. പ്രതിഭാസം ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് സംഭവിക്കുന്നതെന്നും ഒരുവര്‍ഷത്തില്‍ രണ്ടുതവണ ഇത്തരം പ്രതിഭാസമുണ്ടാകാറുണ്ടെന്നും ഇത്തവണ വ്യക്തമായി അനുഭവപ്പെടുമെന്നും വാനനിരീക്ഷകന്‍ ഉണ്ണികൃഷ്ണന് മംഗലശേരി പറഞ്ഞു.
ആഴമുള്ള കിണറുകളില്‍ പോലും സൂര്യന്റെ പ്രതിബിംബം കാണാനാകുമെന്നതും പ്രത്യേകതയാണ്. +23.5 ഡിഗ്രി അക്ഷാംശത്തിനും 23.5 ഡിഗ്രി അക്ഷാംശത്തിനും ഇടയിലുള്ള സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടുതവണ സംഭവിവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസമാണിത്. ഈ സമയത്ത്, സൂര്യന് ആകാശത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തായിരിക്കും.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ കേരളത്തില്‍ പല ജില്ലകളിലും സീറോ ഷാഡോ ഡേ പ്രകടമാകും. കോഴിക്കോട് ഈ മാസം 19ന് ദൃശ്യമാകുന്ന പ്രതിഭാസം പോണ്ടിച്ചേരിയില്‍ 21നായിരിക്കും പ്രകടമാകുന്നത്.
കിഴക്കു ദിക്കില്‍ ഉദിക്കുന്ന സൂര്യന് ഓരോദിവസവും അല്പം മാറുന്നതാണ് പ്രതിഭാസം വര്‍ഷത്തില്‍ രണ്ടു തവണ ദൃശ്യമാകാനിടയാക്കുന്നത്. ജൂണ്‍ 21 മുതല്‍ തെക്കുഭാഗത്തേക്കും ഡിസംബര്‍ 21മുതല്‍ സൂര്യന് വടക്കു ഭാഗത്തേക്കും നീങ്ങിയാണ് ഉദിക്കുന്നത്.