റോഡില്ലെങ്കിൽ വോട്ടില്ല; ആലിപ്പറമ്പില്‍ വോട്ടു ബഹിഷ്കരണ ബാനര്‍ ഉയര്‍ന്നു
1416922
Wednesday, April 17, 2024 5:29 AM IST
പെരിന്തല്‍മണ്ണ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് ബാനറുകള്‍ ഉയർന്നു. ആലിപ്പറമ്പ് പ്രദേശത്ത് തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരിക്കുമെന്നു ആഹ്വാനം ചെയ്തു ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ആലിപ്പറമ്പ് ഹൈസ്കൂള്‍കുന്ന്, പള്ളിക്കുന്ന്, വില്ലേജ്, കാമ്പുറം, പൂവത്താണി തുടങ്ങിയ റോഡുകള്‍ പാടെ തകര്‍ന്നു കിടക്കുകയാണ്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ശരിയാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
നിലവില്‍ പൂവത്താണി കാമ്പുറം റോഡിന്റെ നവീകരണത്തിനു ഫണ്ട് അനുവദിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിലൂടെയുള്ള യാത്ര ദുഷ്കരമാണ്. ഇതിലെല്ലാം പ്രതിഷേധിച്ചാണ് ഒരു കൂട്ടം നാട്ടുകാരുടെ നേതൃത്വത്തില്‍ വോട്ട് ബഹിഷ്കരണത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്, ബ്ലോക്ക്, എംഎല്‍എ, എംപി എന്നീ പദവികളെല്ലാം വഹിക്കുന്നത് യുഡിഎഫ് ആണ്.