പരിക്കേറ്റ ആനയ്ക്ക് ചികിത്സ നിക്ഷേധിക്കുന്നതിനെ അപലപിച്ചു
1416681
Tuesday, April 16, 2024 6:24 AM IST
നിലമ്പൂര്‍: മൊടവണ്ണ കടവിന് താഴെ കാലിന് പരിക്കേറ്റ് അവശനിലയിലായ മോഴയാനക്ക് യാതൊരു ചികിത്സയും ഭക്ഷണവും നല്‍കാതെ ചരിയാന്‍ കാത്തു നില്ക്കുന്ന വനം വകുപ്പിന്റെ നിലപാട് അവലപനീയമെന്ന് നിലമ്പൂര്‍ പരിസ്ഥിതി സമിതി.കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 150-തിലേറെ കാട്ടാനകളാണ് നിലമ്പൂര്‍ താഴ്വരയില് മനുഷ്യകാരണങ്ങളാല് കൊല്ലപ്പെട്ടത്.
എന്നാല്‍ ഇതെല്ലാം അണുബാധയായി രേഖയുണ്ടാക്കി കേസെടുക്കാതെ അവസാനിപ്പിക്കുകയാണുണ്ടായത്. വനാതിര്‍ത്തികളില്‍ മൂര്‍ച്ചയുള്ള ഇനങ്ങള്‍ സ്ഥാപിക്കുന്നതാണ് വന്യജീവികള്‍ക്ക് മാരക പരിക്കിന് കാരണമാവുന്നത്. വൈദ്യുതി നേരിട്ട് വേലികളിലേക്ക് നല്‍കുന്നതും വ്യാപകമാണ്.
ദേഹത്ത് വെടിയുണ്ടയില്ലാത്ത ആനകള്‍ നിലമ്പൂര്‍ കാട്ടില്‍ വിരളമാണ്. എന്നാല്‍ പലതരത്തിലുള്ള ഒത്തുകളികള്‍ മൂലം വന്യജീവി കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണ്. വനം കേസില്‍ പ്രതിയെ പിടിച്ചാല്‍ പിടിച്ച ഉദ്യോഗസ്ഥന്റെ സ്വന്തം ചിലവില്‍ പ്രതിയെ മഞ്ചേരി വനംകോടതിയില്‍ ഹാജരാക്കിയാലും നിയമത്തിന്റെ പഴുതുകളിലൂടെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തത് വനപാലകരെ കേസെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി പരിസ്ഥിതി സമിതി കുറ്റപ്പെടുത്തി.