കേന്ദ്രത്തിന്റേത് മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നയം: രമേശ് ചെന്നിത്തല
1416680
Tuesday, April 16, 2024 6:24 AM IST
പൊന്നാനി: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുന്ന നയമമാണ് കേന്ദ്രസർക്കാറിന്റേതെന്ന് രമേശ് ചെന്നിത്തല. ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ ആദ്യം ചെയ്യുക പൗരത്വ നിയമം റദ്ദാക്കുകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പൊന്നാനി മരക്കടവിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മുമ്പ് വള്ളങ്ങളിൽ പോകുന്നവർക്ക് മണ്ണെണ്ണ സൗജന്യമായി നൽകിയിരുന്നു. കേന്ദ്രസർക്കാർ അത് പൂർണമായും നിർത്തലാക്കി.
സംസ്ഥാന സർക്കാരും ഒരു സഹായവും നൽകിയില്ല. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും വലിയ പ്രഹരമേൽപ്പിച്ചതാണ് ബ്ലൂ ഇക്കോണമി. അതിന്റെ ഫലമായി ആഴക്കടലിൽ വൻകിട വിദേശ ട്രോളറുകൾക്ക് യഥേഷ്ടം വിഹരിക്കാൻ അവസരം നൽകി. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിത പൂർണമാക്കി. മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.ഇങ്ങനെ രാജ്യത്തെ തകർത്തു തരിപ്പണമാക്കിയ ഭരണകൂടമാണ് കേന്ദ്ര ഗവൺമെന്റെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി സൈദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ കെ ജയപ്രകാശ് അധ്യക്ഷനായി.പി.ടി അജയ് മോഹൻ, സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ, സി.എം യൂസുഫ്, കല്ലാട്ടേൽ ഷംസു, അഡ്വ. എ.എം രോഹിത്ത്, ഷാജി കാളിയത്തേൽ, വി ചന്ദ്രവല്ലി, കുഞ്ഞി മുഹമ്മദ് കടവനാട്, പി.കെ. അഷറഫ് സംസാരിച്ചു.