മലയോര മേഖല കേന്ദ്രീകരിച്ച് മദ്യനിര്‍മാണവും കഞ്ചാവ് വില്‍പ്പനയും
1416337
Sunday, April 14, 2024 5:18 AM IST
കരുവാരകുണ്ട്: മലയോര മേഖല കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന സംഘം പിടിമുറുക്കി. വിഷുവും ലോക്സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ലഹരി വില്‍പ്പന സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായത്. ഇതര സംസ്ഥാന തൊഴിലാളികള്‍, കുറഞ്ഞവരുമാനക്കാര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയ വിലസുന്നത്.
അധ്വാനമില്ലാതെ എളുപ്പത്തില്‍ പണം സമ്പാദിക്കാനാകുമെന്നതിനാലാണ് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് രംഗത്തെത്തുന്നത്. ഇതോടെ മയക്കുമരുന്ന്, കഞ്ചാവ്, വ്യാജമദ്യം തുടങ്ങി നിരോധിത പാന്‍ ഉത്്പന്നങ്ങള്‍ വരെ മലയോരത്ത് സുലഭമാണ്.
മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍പ്പെട്ട വട്ടമല മേഖലയില്‍ വ്യാജമദ്യ ഉത്പാദന സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാണ്. മദ്യനിര്‍മാണത്തിന് കന്നാസുകളിലും മറ്റും ഒളിപ്പിച്ചു സൂക്ഷിക്കുന്ന വാഷ് കാട്ടാനകള്‍ നശിപ്പിക്കുക പതിവാണ്. നേരത്തെ കരുവാരക്കുണ്ട് മേഖലയില്‍ അനധികൃത ലഹരിവില്‍പ്പനക്കെതിരെ പോലീസ് പരിശോധന ശക്തമാക്കുകയും ദിനംപ്രതി ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ലഹരിക്കെതിരെയുള്ള പരിശോധന കാര്യക്ഷമമല്ലാതായതോടെ മലയോരത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വ്യാജമദ്യത്തിനു പുറമേ കഞ്ചാവ് ചില്ലറ വില്‍പ്പന സംഘത്തിന്റെ കണ്ണികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി പരാതിയുണ്ട്.
കാളികാവ്, പൂക്കോട്ടുംപാടം, നിലമ്പൂര്‍, കരുളായി, എടക്കര, വണ്ടൂര്‍, പാണ്ടിക്കാട്, മേലാറ്റൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലുള്ള ചില്ലറ വില്‍പ്പന സംഘത്തിന്റെ പ്രധാന കേന്ദ്രവും മലയോരമാണ്. പോലീസ് പിടികൂടിയാല്‍ തന്നെ കുറ്റവാളികള്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കുന്നതിനാല്‍ ജാമ്യത്തിലിറങ്ങുന്ന ഇവര്‍ വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നു.
അട്ടപ്പാടി, ഇടുക്കി, തമിഴ്നാട്ടിലെ തേനി, കമ്പം എന്നിവിടങ്ങളില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് മലപ്പുറം ജില്ലയിലേക്ക് പ്രധാനമായും കഞ്ചാവെത്തുന്നത്. ലഹരി വില്‍പ്പനക്കെതിരെ കര്‍ശന വാഹന പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിരീക്ഷണവും ശക്തമാക്കിയെന്ന് അധികൃതര്‍ പറയുമ്പോഴും മലയോരത്ത് ലഹരി വസ്തുക്കള്‍ സുലഭമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.