നിലമ്പൂര്‍ വനമേഖല കാട്ടുതീ ഭീഷണിയില്‍
1416330
Sunday, April 14, 2024 5:18 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖല കാട്ടുതീ ഭീഷണിയില്‍. പന്തീരായിരം വനത്തില്‍ വിവിധ സ്ഥലങ്ങളിലായി പത്തിലേറെ ഭാഗങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ തോട്ടപ്പള്ളി യൂക്കാലി മേട്ടില്‍ ഏക്കര്‍ കണക്കിന് പുല്‍മേടാണ് കത്തി നശിച്ചത്. ഉച്ചയോടെ തീയണച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമമില്ലാതെ തീയണക്കുകയാണ് വനപാലകര്‍. നിലമ്പൂരിലെ പ്രധാന വനമേഖലകളില്‍ ഒന്നായ പന്തീരായിരം വനത്തിലാണ് പല ഭാഗങ്ങളിലായി തീപിടിത്തങ്ങള്‍ വ്യാപകമായിരിക്കുന്നത്. 12000ത്തിലധികം ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വനമേഖല വയനാട് മേഖലയുടെ അതിര്‍ത്തി പങ്കിടുന്നു.
ഈ വനമേഖലയിലേക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ എത്താന്‍ റോഡ് സൗകര്യമില്ലാത്തതിനാല്‍ വനപാലകര്‍ നേരിട്ടെത്തി വേണം തീയണക്കാന്‍. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തീപിടിത്തങ്ങള്‍ പതിവാണ്. മൂലേപ്പാടത്തിന് സമീപം കരടി പാറയിലായിരുന്നു ആദ്യ തീപിടിത്തം.
അകമ്പാടം വനം സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി.കെ.മുഹസിന്റെ നേതൃത്വത്തില്‍ വനിതാ ബീറ്റ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ വനപാലകരും കിലോമീറ്ററുകള്‍ കാല്‍നടയായി എത്തി ദിവസങ്ങളോളം നടത്തിയ ശ്രമത്തിലാണ് ഈ ഭാഗത്തെ തീ അണച്ചത്. പന്തീരായിരം ഉള്‍വനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിക്ക് മുകളില്‍ താളിപ്പാറ ഭാഗത്താണ് കഴിഞ്ഞ മൂന്നു ദിവസമായി കാട്ടുതീ പടര്‍ന്നത്.
അകമ്പാടം വനം സ്റ്റേഷനില്‍ നിന്നു 20 കിലോമീറ്റര്‍ ദൂരമാണ് ഈ വനമേഖലയിലേക്കുള്ളത്. പാലക്കയം കോളനി വരെ വാഹനങ്ങള്‍ പോകും. അവിടെ നിന്നു വനത്തിനുള്ളിലൂടെ വഴി ഉണ്ടാക്കി കിലോമീറ്ററുകള്‍ കാല്‍നടയായി വേണം തീ കത്തുന്ന ഭാഗത്തെത്താന്‍. തീയണച്ച് വനം സ്റ്റേഷനിലെത്തിയാല്‍ വനത്തിന്റെ ഏതെങ്കിലും ഭാഗത്ത് തീ കത്തുന്നതായുള്ള ഫോണ്‍ വിളിയെത്തും.
വേനല്‍മഴ പെയ്യും വരെ വനപാലകര്‍ക്ക് ഇനി വിശ്രമമില്ല. കോളനി നിവാസികളും ആദിവാസി വന സംരക്ഷണ സമിതി അംഗങ്ങളും ഫയര്‍ വാച്ചര്‍മാരുമാണ് തീയണക്കാന്‍ വനപാലകരെ സഹായിക്കുന്നത്.
ആളിപടരുന്ന തീ ഏറെ പ്രയാസപ്പെട്ടാണ് വനപാലകര്‍ അണക്കുന്നത്. പാലക്കയത്തു നിന്നു അമ്പുമല കോളനിയിലേക്കുള്ള കൂപ്പ് റോഡ് അടഞ്ഞതോടെ ഈ വനമേഖലയിലേക്ക് എത്താന്‍ കാല്‍നട മാത്രമാണ് ആശ്രയം. വനത്തിനുള്ളിലെ കോളനി നിവാസികളുടെ ഉപജീവന മാര്‍ഗം വനവിഭവ ശേഖരമാണ്.
പലപ്പോഴും ഇവരാണ് വനപാലകര്‍ക്ക് വഴികാട്ടികളാകുന്നത്. വനത്തിനുള്ളില്‍ തീ പടരുമ്പോള്‍ വന്യമൃഗങ്ങളുടെ ആവാസ മേഖലയായ പന്തിരായിരം വനത്തില്‍ നിന്നു കാട്ടാനകളും പുലികളും കാട്ടുപോത്തുകളും കരടിയും ഉള്‍പ്പെടെ പുറത്തേക്കു വരുന്നത് തീയണക്കുന്ന വനപാലകരെ ആശങ്കയിലാഴ്ത്തുന്നു.